
കാസർകോട്: ലോകത്ത് വംശനാശ ഭീഷണി നേരിടുന്ന അതീവ സംരക്ഷണ പ്രാധാന്യമർഹിക്കുന്ന കാസർകോട് പയസ്വിനിപ്പുഴയിലെ പാലപ്പൂവൻ ഭീമൻ ആമയെ സംരക്ഷിക്കാൻ സാമൂഹ്യ വനവത്കരണ വിഭാഗം പ്രത്യേകം പദ്ധതി തയ്യാറാക്കും. പയസ്വിനിയിൽ ഇരിയണ്ണി പാണ്ടിക്കണ്ടത്താണ് ജില്ലയിൽ ഭീമൻ ആമകളെ കണ്ടെത്തിയിട്ടുള്ളത്. ആമകളുടെ പ്രജനന സമയമായ ഡിസംബർ ജനുവരി മാസങ്ങളിലായിരിക്കും സംരക്ഷണപദ്ധതി നടപ്പിലാക്കുക.
മണൽ ഖനനം, വലയും ചൂണ്ടയും ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം, മാലിന്യ നിക്ഷേപം, ആമയെ വേട്ടയാടൽ, ആമയുടെ മുട്ട ഉപഭോഗം തുടങ്ങിയവയൊക്കെ ഭീമൻ ആമകളുടെ അതിജീവനത്തിന് ഭീഷണിയാണ്. ഇത് സംബന്ധിച്ച് പ്രദേശവാസികൾക്ക് ആദ്യഘട്ടത്തിൽ ബോധവത്കരണം നൽകും. പുഴയിലെ മണൽ ഖനനം ഇല്ലാതാക്കാൻ നടപടി സ്വീകരിക്കും. മത്സ്യബന്ധന സമയത്ത് ചൂണ്ടയിലും വലയിലും കുടുങ്ങുന്നതും ഇവയ്ക്ക് ഭീഷണിയാണ്. തൊട്ടടുത്തുള്ള ബാവിക്കര ഡാമിന്റെ ഷട്ടറുകൾ താഴ്ത്തുമ്പോൾ ആമകളുടെ മുട്ടകൾ വെള്ളത്തിനടിയിലാവുന്നതും ഇവയുടെ പ്രജനനത്തിന് തിരിച്ചടിയാവുന്നുണ്ട്.
പ്രത്യേക പരിഗണന അർഹിക്കുന്ന ആമകളുടെ സംരക്ഷണം ചർച്ച ചെയ്യാൻ കഴിഞ്ഞ വർഷം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. 2021 മെയ് മാസത്തിൽ പ്രത്യേക മണൽ ബെഡ്ഡിൽ വെച്ച് ഭീമനാമയുടെ 50 മുട്ടകളിൽ 36 എണ്ണം വിരിയിച്ചിരുന്നു. പ്രദേശത്തെ അരിയിൽ വനസംരക്ഷണ സമിതിയും പരിസ്ഥിതി പ്രവർത്തകരും സാമൂഹ്യ വനവത്കരണ വിഭാഗവും ഭീമനാമകളുടെ സംരക്ഷണത്തിനായി സജീവമായി രംഗത്തുണ്ട്.
പദ്ധതി ഇല്ലാഞ്ഞിട്ടല്ല
2018ലെ കടുത്ത വരൾച്ചയിൽ ചന്ദ്രഗിരിപ്പുഴയിൽ നെയ്യങ്കയം ഭാഗത്ത് പുഴ വറ്റി വരണ്ടതിനെ തുടർന്ന് മീനുകൾ ഉൾപ്പെടെ ജലജീവികൾ ഭൂരിഭാഗവും ചത്തുപൊങ്ങിയിരുന്നു. തുടർന്ന് ജൈവവൈവിധ്യത്തെ സംരക്ഷിക്കാൻ വനംവകുപ്പും ജൈവവൈവിധ്യ ബോർഡും ആലോചന നടത്തി. തുടർന്ന് ചത്തുപൊങ്ങിയ ജീവികളുടെ കണക്കെടുത്തപ്പോഴാണ് പ്രദേശവാസികൾ പാലപ്പൂവൻ എന്ന ആമയും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചത്. യു.പി സ്വദേശിനിയും വിദ്യാർത്ഥിനിയുമായ ആയുഷി ജെയിൻ ജില്ലയിൽ നടത്തിയ ഗവേഷണത്തിലാണ് ലോകത്തിന്റെ ശ്രദ്ധ കാസർകോട്ടെ ഭീമൻ ആമകളിലേക്കുമെത്തിയത്.
ചില്ലറക്കാരനല്ല
ഏഷ്യൻ ജയന്റ് സോഫ്റ്റ് ഷെൽ ടർട്ടിൽ അഥവാ കന്റോർസ് ജയന്റ് സോഫ്റ്റ് ഷെൽ ടർട്ടിൽ എന്നറിയപ്പെടുന്ന ഭീമനാമ 1972ലെ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂൾ പ്രകാരം സംരക്ഷണ പട്ടികയിൽ ഉൾപ്പെട്ടവയാണ്. ഐ.യു.സി.എൻ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ഡാറ്റാ ലിസ്റ്റിൽ ആണ് ഇതിനെ പെടുത്തിയിരിക്കുന്നത്. ഒരു മീറ്റർ വരെ നീളവും 100 കിലോഗ്രാം വരെ ഭാരവും ഇതിനുണ്ടാകും. നീന്തുമ്പോൾ മൂക്കിനുമുന്നിൽ പാലപ്പൂവിനെ പോലെയുള്ള ഭാഗം കാണുന്നതിനാലാണ് പ്രദേശവാസികൾ പാലപ്പൂവൻ എന്ന് വിളിക്കുന്നത്.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭീമനാമകളെ കണ്ടെത്തിയിട്ടുള്ളത് നിലവിൽ പയസ്വിനിയിലാണ്. ഗുജറാത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ തീരത്തുമാണ് കേരളം വിട്ടാൽ ഭീമനാമകളെ കണ്ടുവരുന്നത്.