
തലശ്ശേരി: കാറിൽ ചാരിനിന്നതിന് നാടോടി ബാലനെ ചവിട്ടിത്തെറുപ്പിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയതായി റൂറൽ എസ്.പി പി.ബി. രാജീവ് എ.ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. കേസ് ആദ്യം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. പ്രതി പൊന്ന്യംപാലം മാക്കുനി റോഡിലെ മൻസാറിൽ മുഹമ്മദ് ഷിഹാദിനെ സംഭവം നടന്ന ദിവസം രാത്രി സ്റ്റേഷനിൽ വിളിച്ചുവരുത്തിയ പൊലീസ് അറസ്റ്റു ചെയ്യാതെ വിട്ടത് വിവാദമായിരുന്നു.
കുട്ടിയെ ചവിട്ടിയ കേസ് പൊലീസ് ഗൗരവത്തിൽ ഉൾക്കൊണ്ടില്ല എന്നാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. സ്റ്റേഷനിൽ എത്തിച്ച പ്രതിയെ വിട്ടയച്ചത് വീഴ്ചയാണ്. സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കേസിന്റെ ഗൗരവം ഉൾക്കൊണ്ട് ഉയർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചില്ലയെന്നും റിപ്പോർട്ടിലുണ്ട്.തലശ്ശേരി എസ്.എച്ച്.ഒ എം. അനിൽ, ഗ്രേഡ് എസ്.ഐമാർ എന്നിവർക്കു നേരെയും വിമർശനമുണ്ട്. റൂറൽ എസ്.പിയുടെ അന്വേഷണ റിപ്പോർട്ട് പരിശോധിക്കുമെന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ വ്യക്തമാക്കി. കേസന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് ക്രൈം ബ്രാഞ്ചിനോടും വിശദാംശങ്ങൾ ആരായും.
പ്രതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
നാടോടി ബാലനെ ചവിട്ടിപ്പരിക്കേൽപ്പിച്ച മുഹമ്മദ് ഷിഹാദിനെ (20) ഒരു ദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ഇന്നലെ പ്രതിയുമായി സംഭവസ്ഥലത്ത് തെളിവെടുത്തു. ക്രൈംബ്രാഞ്ച് എ.സി.പി കെ.വി. ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഷിഹാദിനെ ഇന്ന് കോടതിയിൽ തിരിച്ചെത്തിക്കണം. രാജസ്ഥാനിൽ നിന്ന് കളിപ്പാട്ടങ്ങൾ വിൽക്കാനെത്തിയ സംഘത്തിലെ ദമ്പതികളുടെ മകൻ ആറു വയസുള്ള ഗണേഷനെയാണ് ഷിഹാദ് ചവിട്ടിത്തെറിപ്പിച്ചത്.