majeed

കാസർകോട്: ചളിയങ്കോട് കെ.എസ്.ടി.പി റോഡിൽ വച്ച് ബൈക്ക് യാത്രികനെ കാറിടിച്ചു വീഴ്ത്തിയ ശേഷം തട്ടിക്കൊണ്ടുപോയ സംഘം പതിനഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത ശേഷം വഴിയിൽ ഉപേക്ഷിച്ചു. കാസർകോട് അടുക്കത്തുബയൽ അർജാൽ റോഡിലെ മുഹമ്മദിന്റെ മകൻ പടന്ന ഹൗസിൽ അബ്ദുൽ മജീദിനെ (52)യാണ് കാസർകോട് മേൽപറമ്പ് ചളിയങ്കോട് പാലത്തിന് മുകളിൽ വച്ച് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഇന്നോവ കാറിലെത്തിയ നാലംഗ സംഘം ഇന്നലെ രാവിലെ 7.45 മണിയോടെ തട്ടികൊണ്ടുപോയത്.

ഇടിയുടെ ആഘാതത്തിൽ റോഡരികിലേക്ക് തെറിച്ചു വീണ മജീദിനെ സംഘം വലിച്ചിഴച്ച് ഇന്നോവയിൽ കയറ്റി കാഞ്ഞങ്ങാട് ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ചേറ്റുകുണ്ടിൽ എത്തിയപ്പോൾ മജീദിനെ റോഡരികിൽ ഉപേക്ഷിക്കുകയും ചെയ്തു. കൈവശം ഉണ്ടായിരുന്ന 15 ലക്ഷം രൂപ സംഘം കൈവശപ്പെടുത്തിയെന്ന് മജീദ് പറഞ്ഞു. ചേറ്റുകുണ്ടിൽ നിന്നും ബസിൽ കയറിയാണ് മജീദ് സ്വന്തം വീട്ടിലെത്തിയത്. ദൃക്‌സാക്ഷികൾ നൽകിയ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ മേൽപറമ്പ് ബൈക്ക് നമ്പർ വച്ച് നടത്തിയ അന്വേഷണത്തിലാണ് അടുക്കത്ത്ബയൽ സ്വദേശിയായ മജീദിനെ കണ്ടെത്തിയത്. ഈയാളുടെ മൊഴിയെടുത്ത ശേഷം മേൽപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞതിന് പിന്നാലെ ബേക്കൽ ഡിവൈ.എസ് .പി സി.കെ.സുനിൽ കുമാറിന്റെ നേതൃത്വത്തിൽ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം നൽകിയിരുന്നു. പിന്നാലെ മജീദ് നൽകിയ വിവരമനുസരിച്ച് സംഘത്തെ കണ്ടെത്താനുള്ള തിരച്ചിലിലാണ് പൊലീസ്.