periya
ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് പരിസരത്തു നടത്തിയ ഉപവാസ സമരം ജില്ലാ പ്രസിഡന്റ് രാജൻ പെരിയ ഉൽഘടനം ചെയ്യുന്നു.

ആചാരസ്ഥാനീയരുടെ വേതനം മുടങ്ങി വർഷം ഒന്ന്

കാസർകോട് :ആചാര സ്ഥാനികരുടെയും കോലധാരികളുടെയും ഒരു വർഷമായി മുടങ്ങി കിടക്കുന്ന വേതനം വിതരണം ചെയ്യുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഉത്തരമലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ കാസർകോട് കളക്ട്രേറ്റിന് മുൻപിൽ ഉപവസിച്ചു.

മലബാറിലെ വിവിധ സമുദായങ്ങളിലെ ക്ഷേത്ര സ്ഥാനികന്മാരുടെയും കോലാധാരികളുടെയും പ്രതിമാസ വേതനം മുടങ്ങിയിട്ട് 12 മാസമായി. വിവിധതലങ്ങളിൽ ഇടപെടലുകൾ നടന്നിട്ടും ഇതുവരെ കുടിശ്ശിക നൽകാൻ ദേവസ്വം ബോർഡും സർക്കാരും തയ്യാറായിട്ടില്ല. കേരള സർക്കാർ പ്രതിമാസ വേതനം 1400 രൂപയായി വർദ്ധിപ്പിച്ചെങ്കിലും സമയബന്ധിതമായി നൽകാത്തത് കൊണ്ട് ആചാരക്കാരും കോലധാരികളും വലിയ പ്രയാസം അനുഭവിക്കുകയാണ്.

സമിതി പ്രസിഡന്റ് രാജൻ പെരിയ ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നാരായണൻ കൊളത്തൂർ അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, കെ.സുരേഷ് ബാബു, കെ.അനിൽ നാരായണൻ, എന്നിവർ പ്രസംഗിച്ചു. കാസർകോട് മേഖല പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ കുറ്റിക്കോൽ സ്വാഗതവും ഡോ.കെ.വി.ശശിധരൻ നന്ദിയും പറഞ്ഞു.

ജീവിതത്തിൽ മറ്റൊരു ജോലിയും ചെയ്യാനാകാതെ കഴിയുന്ന ആചാരസ്ഥാനിയർക്കും കോലധാരികൾക്കും വേണ്ടി സർക്കാർ പ്രഖ്യാപനങ്ങൾ പലതും നടത്തുന്നുന്നുണ്ടെങ്കിലും പ്രായോഗിക നടപടികൾ ഒന്നും ഉണ്ടാകുന്നില്ല.വലിയ ദുരിതം അനുഭവിക്കുന്ന കണ്ണൂർ കാസർകോട് ജില്ലകളിലെ പാവങ്ങളായ ആചാരസ്ഥാനികർക്ക് യാതൊരു നിവൃത്തിയും ഇല്ലാതായതിനാലാണ് വീണ്ടും തെരുവിൽ ഇറങ്ങേണ്ടിവന്നത്.

- രാജൻ പെരിയ (ഉത്തരമലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ്)​

മറ്റ് ആവശ്യങ്ങളും

പ്രതിമാസ വേതനം 3000 രൂപയായി വർദ്ധിപ്പിക്കണം

അറുപത് വയസിന് മുകളിലുള്ളവർക്കും കോലധാരികൾക്കും ക്ഷേമ പെൻഷൻ

2016 ന് ശേഷം വേതനം ലഭിക്കാത്ത സ്ഥാനികരുടെ അപേക്ഷ സ്വീകരിക്കുക