തൃക്കരിപ്പൂർ: പടന്ന തെക്കെക്കാട് മുത്തപ്പൻ ക്ഷേത്രം പൊളിച്ചുനീക്കാൻ ജനകീയ സമിതി ഇടപെടുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനകീയ സമിതിക്കെതിരെ ട്രസ്റ്റ് ഭാരവാഹികൾ രൂക്ഷവിമർശനവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് ജനകീയ സമിതിയുടെ വിശദീകരണം.

നാട്ടുകാരിൽ നിന്നും ജനകീയസമാഹരണം നടത്തി 2019 ലാണ് പി.പി ഭാസ്കരന് പട്ടയം ലഭിച്ച പുഴ പുറമ്പോക്ക് ഭൂമിയിൽ ക്ഷേത്രം നിർമ്മിച്ചിരുന്നെതെന്നും നിർമ്മാണ ഘട്ടത്തിൽ പൊതുജനങ്ങളിൽ നിന്നും മറച്ചു വെച്ച്, പ്രദേശത്തെ മറ്റ് ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പാരമ്പര്യ പ്രവർത്തകരെ പോലും പങ്കെടുപ്പിക്കാതെ പ്രദേശത്തിന് പുറത്തുള്ളവരെ ഉൾപ്പെടുത്തി രഹസ്യസ്വഭാവത്തോടെയാണ് ട്രസ്റ്റ് രൂപീകരിച്ചതെന്നും ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു.

പൊതുജന സമാഹരണത്തിൽ നിർമ്മിച്ച ക്ഷേത്രം ട്രസ്റ്റ് സ്വകാര്യമായി കൈകാര്യം ചെയ്യുന്നതിൽ പി.പി ഭാസ്കരന്റെ കുടുംബത്തിനും അതൃപ്തിയുണ്ട്. വിശ്വാസികളെ ചൂഷണം ചെയ്ത് സാമ്പത്തിക നേട്ടം കൊയ്യലാണ് ട്രസ്റ്റ് ചെയ്യുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു. പടന്നമുണ്ട്യ ക്ഷേത്രവും കഴകവും ഇടപെട്ട് പ്രശ്നം ചർച്ച ചെയ്തുവെങ്കിലും തീരുമാനം ഒരു വിഭാഗം അംഗീകരിക്കാത്തതിനാലാണ് തർക്കം തുടരുന്നത്. ട്രസ്റ്റിലെ ചില ഭാരവാഹികളുടെ പിടിവാശിയിൽ പ്രതിഷേധിച്ച് പത്തുപേർ ട്രസ്റ്റിൽ നിന്നും രാജിവെച്ച് ജനകീയ സമിതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ട്രസ്റ്റ് പിരിച്ചുവിട്ട് ക്ഷേത്രത്തിന്റെ ഭരണം ജനകീയവും സുതാര്യവുമാക്കണമെന്നും ഇവർ പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ ജനകീയ സമിതി കൺവീനർ കെ.വി ഷാജി, പി.വി ശ്രീജേഷ്, പി.വി ബാബു, ടി.വി സുരേന്ദ്രൻ, കെ.വി രതീഷ്, കെ സച്ചിൻ എന്നിവർ പങ്കെടുത്തു.