തലശ്ശേരി: രണ്ട് വർഷമായി ഇൻഷ്വറൻസ് പുതുക്കാതെയും പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെയുമുള്ള അയൽക്കാരന്റെ ബൈക്കിൽ കൂട്ടുകാരനൊപ്പം ചെത്തിപ്പറന്ന വിദ്യാർത്ഥിയായ 16 കാരൻ പിടിയിൽ. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ പാറാൽ ചെമ്പ്ര റോഡിലൂടെ കുതിച്ച ടെമ്പിൾ ഗേറ്റിനടുത്ത കൗമാരക്കാരാണ് പൊലീസിന്റെ പിടിയിലായത്. വാഹന പരിശോധനക്കിറങ്ങിയ ന്യൂ മാഹി പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്താണ് അപകടകരമായ പോക്കിനിടയിൽ ഇരുവരെയും തടഞ്ഞു കസ്റ്റഡിയിലെടുത്തത്.

ടെമ്പിൾ ഗേറ്റ് മാക്കൂട്ടം പുന്നോലിലെ ഹസീനാസിൽ മുഹമ്മദ് റിയാസിന്റേതായിരുന്നു ബൈക്ക്. ഇത് കസ്റ്റഡിയിലെടുത്ത പൊലീസ് ആർ.സി. ഉടമയായ റിയാസിന് കുട്ടിക്ക് ബൈക്ക് വിട്ടുനൽകിയതിന് 25000 രൂപ പിഴയിട്ടു. നിയമ ലംഘനങ്ങൾക്ക് 4000 രൂപ വേറെയും പിഴ ചുമത്തി. ലൈസൻസില്ലാതെ പൊതുറോഡിലൂടെ വാഹനം ഓടിച്ച വിദ്യാർത്ഥിക്ക് 5000 രൂപയും പിഴയിട്ടു.