
തലശ്ശേരി: ജീപ്പ് ഓടിച്ച് പോവുകയായിരുന്ന പേരാവൂർ സ്വദേശിയായ യുവാവിനെ വഴിയിൽ തടഞ്ഞ് നിർത്തി ദേഹത്ത് ആസിഡ് ഒഴിക്കുകയും പിന്നീട് വെട്ടി കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വച്ച് വിചാരണ നടത്തി തീർപ്പ് കൽപ്പിക്കാൻ ഹൈക്കോടതി ഉത്തരവായി.
ഒന്നാം പ്രതിയായ ജോസ് മാങ്കുഴക്ക് (65) കീഴ്‌ക്കോടി നൽകിയ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട മണത്തണയിലെ ചേണാലിൽ വിജു ചാക്കോവിന്റെ (48) ഭാര്യ സെൽമാ റോസ് അഡ്വ. കെ. അബൂബക്കർ സിദ്ധീഖ് മുഖേന നൽകിയ ഹരജിയിൽ ജസ്റ്റിസ് ബിജു അബ്രഹാമിന്റെതാണ് ഉത്തരവ്.
ശ്രീധരൻ (60) രണ്ടാം പ്രതിയാണ്. 2021 ഒക്ടോബർ 15ന് പുലർച്ചെ അഞ്ചരയോടെ വീട്ടിൽ നിന്ന് ജീപ്പുമായി പോവുകയായിരുന്ന ബിജുവിനെ വഴിയിൽ തടഞ്ഞിട്ടാണ് ആസിഡ് ഒഴിച്ച ശേഷം വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന ബിജു 2021 നവംമ്പർ 15ന് മരിച്ചു. അഡ്വ. കെ. വിശ്വനെ കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് കൊല്ലപ്പെട്ട വിജുവിന്റെ ഭാര്യ സെൽമാ റോസ് സർക്കാറിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്.