കാസർകോട്: സീതാംഗോളി മുഗുവിലെ അബൂബക്കർ സിദ്ദിഖിനെ (32) കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഉപ്പള ബായാറിലെ ജെ അസ്ഫാനെ (26)യാണ് കാസർകോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (രണ്ട്) കോടതി മഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. അസ്ഫാനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകൾക്കുമായി കസ്റ്റഡിയിൽ കിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ ഹരജി നൽകിയിരുന്നു.
പ്രതിയെ നാളെ കൊലപാതകം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോയി തെളിവെടുക്കും. 2022 ജൂൺ 26ന് രാത്രിയാണ് അബൂബക്കർ സിദ്ധിഖിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി പൈവളിഗെയിലുള്ള ഇരുനില വീട്ടിൽ തടങ്കലിലാക്കുകയും തുടർന്ന് ബോളംകള കുന്നിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. ബോളംകള കുന്നിലെ മരത്തിൽ തലകീഴായി കെട്ടിത്തൂക്കിയാണ് അബൂബക്കർ സിദ്ധിക്കിനെ മർദ്ദിച്ചിരുന്നത്. ശരീരമാസകലം മാരകമായ മുറിവേറ്റ് അവശനിലയിലായ അബൂബക്കർ സിദ്ധിഖ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
യുവാവിനെ സംഘം കാറിൽ കയറ്റിക്കൊണ്ടുവന്ന് ഉപ്പള ബന്തിയോട്ടെ ആശുപത്രിയിലെ വരാന്തയിൽ ഉപേക്ഷിച്ച ശേഷം കടന്നുകളയുകയാണുണ്ടായത്. ഏഴ് പ്രതികളാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്. അവരിൽ ഒരാളാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ അസ്ഫാൻ. കൊലപാതകത്തിന് ശേഷം ഗൾഫിലേക്ക് കടന്ന അസ്ഫാനെ പിന്നീട് നാട്ടിലേക്ക് തിരിച്ചുവരുമ്പോൾ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്.
അഞ്ച് കാറുകൾ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പിന്നീട് ആശുപത്രിയിലെത്തിച്ച കാറും കണ്ടെത്തേണ്ടതുണ്ട്. ഈ കാറുകൾ എവിടെയെന്ന് അസ്ഫാനെ വിശദമായി ചോദ്യം ചെയ്താൽ വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്. അബൂക്കർ സിദ്ധിഖിനെ അടിച്ച വടികളും ഇതുവരെ കണ്ടെത്തിയിട്ടില്ല. മരത്തിൽ കെട്ടിത്തൂക്കാൻ ഉപയോഗിച്ച കയർ മാത്രമാണ് തെളിവായി കിട്ടിയത്. കൊലപാതകം നടത്തിയവർക്ക് ഒളിവിൽ താമസിക്കാനും ഗൾഫിലേക്ക് കടക്കാനും സഹായം നൽകിയവരാണ് നേരത്തെ ഈ കേസിൽ അറസ്റ്റിലായിരുന്നത്.