kavungu-ila-karichil
കവുങ്ങുകളിൽ കാണുന്ന ഇലകരിച്ചിൽ രോഗം

കാഞ്ഞങ്ങാട്: കവുങ്ങുകളിൽ ഇലകരിച്ചിൽ രോഗം വ്യപകമാവുന്നു. കണ്ണൂർ - കാസർകോട് ജില്ലകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. പടന്നക്കാട് കാർഷിക കോളേജിലെ ശാസ്ത്രജ്ഞർ പല സ്ഥലങ്ങളിൽ നിന്നും രോഗബാധയുടെ സാമ്പിളുകൾ പരിശോധിക്കുകയുണ്ടായി. കോളിറ്റോട്രൈക്കം എന്ന വിഭാഗത്തിൽപെടുന്ന കുമിളുകളാണ് ഈ രോഗത്തിന് കാരണമാകുന്നത്.

കവുങ്ങിലെ ഓലകളിൽ ആദ്യം മഞ്ഞ നിറത്തിലുള്ള പൊട്ടുകളായും, പിന്നീട് ഇത് വലുതായി നടുവിൽ കറുത്ത് കുഴിഞ്ഞ പ്രതലത്തോടുകൂടി ചുറ്റും മഞ്ഞ നിറത്തിലുള്ള കരിച്ചിലായി മാറുകയും ചെയ്യുന്നതാണ് ആദ്യലക്ഷണം. പിന്നീട് പൂങ്കുല കരിച്ചിലിനും ഈ കുമിൾ കാരണമാകുന്നു. തുടർന്ന് കുലയിലെ അടയ്ക്കാമണികൾ കൊഴിഞ്ഞു പോകുന്നു. വലിയ അടയ്ക്കകളിൽ കറുത്ത പൊട്ടുകൾ വന്ന് അവ വ്യാപിച്ച് അടക്കകൾ കൊഴിഞ്ഞു പോകുന്നു. ഇതോടൊപ്പം ഇലകൾ കരിഞ്ഞുണങ്ങുകയും ചെയ്യുന്നു.

കൂടാതെ കൂമ്പുചീയൽ എന്ന കുമിൾ രോഗവും ഒരു പ്രധാന വില്ലനായി മലയോര മേഖലയിലെ കവുങ്ങ് കൃഷിയിൽ ഇപ്പോൾ കണ്ടുവരുന്നു. കൂമ്പില മഞ്ഞ നിറമാവുകയും തുടർന്ന് തവിട്ടുനിറമാകുന്നതുമാണ് ആദ്യലക്ഷണം. കൂമ്പില ചീയുകയും തുടർന്ന് ഇത് ചുറ്റുമുള്ള ഇലകളിലേക്ക് വ്യാപിക്കുകയും തുടർന്ന് കവുങ്ങിന്റെ മണ്ട മറിഞ്ഞു വീഴുകയും ചെയ്യുന്നു. ചീഞ്ഞ കൂമ്പുകളിൽ നിന്നും ഇലകളിൽ നിന്നും രൂക്ഷ ദുർഗന്ധം വമിക്കുകയും ചെയ്യും.

കൂമ്പുചീയൽ വന്ന കവുങ്ങുകളെ രക്ഷിക്കാൻ പ്രയാസമാണ്. രോഗം ബാധിക്കാതെ നോക്കുകയാണ് വേണ്ടത്. ഇതിന് തോട്ടത്തിലെ വളപ്രയോഗം ക്രമീകരിക്കണം. മൂന്നാമതായി കവുങ്ങിലെ തടി ഉണക്കം അഥവാ 'അനാബി രോഗ'വും ഈ പ്രദേശത്ത് വ്യാപകമായി കണ്ടുവരുന്നു.


ഇല കരിച്ചിൽ രോഗ നിയന്ത്രണത്തിന്

രോഗ നിയന്ത്രണത്തിനായി രോഗം ബാധിച്ച ഇലകളും പൂങ്കുലകളും കൊഴിഞ്ഞുപോയ അടയ്ക്കകളും ശേഖരിച്ച് നശിപ്പിച്ച് കളയുക. രോഗം വരാതിരിക്കാൻ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം അല്ലെങ്കിൽ മൂന്ന് ഗ്രാം കോപ്പർ ഓക്സിക്ലോറൈഡ് അല്ലെങ്കിൽ രണ്ട് ഗ്രാം കോപ്പർ ഹൈഡ്രോക്‌സൈഡ് അല്ലെങ്കിൽ മാൻകോസെബ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ഇലകളിലും കുലകളിലും തളിക്കുക. രോഗബാധയുള്ള തോട്ടങ്ങളിൽ പ്രൊപ്പിക്കോസോൾ 1 മില്ലി അല്ലെങ്കിൽ ഹെക്സാകോസോൾ 1 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിച്ച് 14 ദിവസത്തിനു ശേഷം കോപ്പർ ഓക്സിക്ലോറൈഡ് (23 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) അല്ലെങ്കിൽ കാർബെൻഡാസിം + മാൻകോസെബ് (2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) എന്ന തോതിൽ തളിച്ചു കൊടുക്കണം.

കവുങ്ങുകളുടെ ആരോഗ്യം മെച്ചപ്പെടുത്തണം
സമീകൃത വളപ്രയോഗത്തിലൂടെ കവുങ്ങുകളുടെ ആരോഗ്യം മെച്ചപ്പെടുത്തിയാൽ ഈ രോഗബാധകൾ ഒരുപരിധി വരെ സ്വാഭാവികമായി നിയന്ത്രിക്കപ്പെടും. ഏപ്രിൽ, സെപ്തംബർ മാസങ്ങളിൽ അരക്കിലോ വീതം കുമ്മായം/ഡോളോമൈറ്റ്, കാൽകിലോ രാജ്‌ഫോസ്, കാൽകിലോ പൊട്ടാഷ്, 150 ഗ്രാം മഗ്നീഷ്യം സൾഫേറ്റ്, 50 ഗ്രാം ബോറാക്സ് എന്നിവ ഇട്ടു കൊടുക്കുക. കുമ്മായമിട്ട് 10 ദിവസം കഴിഞ്ഞു വേണം മറ്റു വളങ്ങൾ ചെയ്യുവാൻ. നനക്കുന്ന തോട്ടമാണെങ്കിൽ കാൽകിലോ പൊട്ടാഷ് ജനുവരി മാസത്തിലും ഇട്ടു കൊടുക്കണം. അധിക ജലസേചനം രോഗബാധ കൂട്ടുമെന്നതിനാൽ ജലസേചനം നിയന്ത്രിക്കണം.