തലശ്ശേരി: കൊടുവള്ളി റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണ പ്രവൃത്തി 2023 മാർച്ചോടെ പൂർത്തിയാക്കും. സ്പീക്കർ എ.എൻ ഷംസീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കേരളാ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

400 മീറ്റർ നീളത്തിലും 10.5 മീറ്റർ വീതിയിലും കോമ്പോസിറ്റ് സ്റ്റീൽ സ്ട്രക്ചർ ഉപയോഗിച്ചാണ് പാലം നിർമ്മാണം. പാലത്തിന്റെ പൈൽ ക്യാപ്പ് വരെ കോൺക്രീറ്റും ബാക്കിയുള്ള ഭാഗം സ്റ്റീലും ഉപയോഗിച്ചാണ് നിർമ്മിക്കുക. യാർഡിൽ നിർമ്മിച്ച് കൊണ്ടുവന്ന് ഘടിപ്പിക്കുന്ന രീതിയാണ് ഇവിടെ അവലംബിച്ചത്. 50 പൈലുകളുടെയും പൈൽ ക്യാപ്പുകളുടേയും നിർമ്മാണം പൂർത്തിയായി. സ്ലാബിനടിയിൽ വരുന്ന ഭീമുകൾ കോൺക്രീറ്റിൽ നിർമ്മിക്കുന്നതാണ് പതിവ് രീതി. എന്നാൽ ഇവിടെ സ്റ്റീലിലാണ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ നിർമ്മിക്കുന്നത്.

തലശ്ശേരി ഗവ. റസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ആർ.ബി.ഡി.സി.കെ ഡെപ്യൂട്ടി കളക്ടർ കെ.കെ അനിൽകുമാർ, പ്രോജക്ട് എൻജിനീയർ കെ.അനീഷ്, റൈറ്റ്‌സ് സീനിയർ ഡി.ജി.എം കെ. ലക്ഷ്മിനാരായണൻ, ക്യൂ.സി.ഇ.എസ് എസ്. ശോബിക് കുമാർ, എൻജിനീയർ ആർ.എ അരവിന്ദ്, എസ്.പി എൽ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ അശോക് ആനന്ദ്, ഫിനാൻസ് കോ ഓർഡിനേറ്റർ കെ. രാജേഷ്, പ്രോജക്ട് മാനേജർ സെങ്കുട്ടുവൻ എന്നിവർ പങ്കെടുത്തു.

15 ദിവസം യാത്രാ

നിയന്ത്രണം വരും

ഇല്ലിക്കുന്നിൽ പിണറായിലേക്കുള്ള ഭാഗത്ത് മണ്ണിട്ട് ഉയർത്തി പ്രവൃത്തി പൂർത്തീകരിക്കേണ്ടതിനാൽ 15 ദിവസത്തേക്ക് യാത്രാ നിയന്ത്രണം ആവശ്യമുള്ളതായി ആർ.ബി.ഡി.സി.കെ ജനറൽ മാനേജർ ടി .എസ് സിന്ധു അറിയിച്ചു. ഈ പ്രവൃത്തി ഉടൻ ആരംഭിക്കും. റെയിൽവേ സ്ലാബുകൾ ഒഴികെ മറ്റ് മുഴുവൻ നിർമ്മാണ പ്രവൃത്തിയുടെയും ചുമതല എസ്.പി.എൽ പ്രൈവറ്റ് ലിമിറ്റഡിനാണ്. റെയിൽവേ സ്ലാബുകൾ ടൂൾ ഫാബും നിർമ്മിക്കും.

19 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് മേൽപ്പാലത്തിന്റെ നിർമ്മാണം