കൂത്തുപറമ്പ്: ഇരിട്ടി - തലശ്ശേരി റൂട്ടിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് യാത്രക്കാരെ വലച്ചു. തിങ്കളാഴ്ച രാത്രി കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ വച്ച് കണ്ടക്ടർക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്കുന്നത്. തലശ്ശേരി -ഇരിട്ടി റൂട്ടിലോടുന്ന മിയാമിയ ബസ് കണ്ടക്ടർ വിപിൻ ബാബുവിനെയാണ് ഒരു സംഘം മർദ്ദിച്ചത്. പരിക്കേറ്റ വിപിൻ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.

വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചെന്നാണ് ആരോപണം. തിങ്കളാഴ്ച രാവിലെ ഇരിട്ടിയിലെ കോളേജിലേക്ക് പോവുകയായിരുന്ന കൂത്തുപറമ്പ് സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് ബസിൽ കയറുന്നതിനിടയിൽ ഡോറിനിടിച്ച് പരിക്കേറ്റിരുന്നു. ബസ് ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണം എന്ന് കാണിച്ച് വിദ്യാർത്ഥിനി കൂത്തുപറമ്പ് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. ഇതാണ് ബസ് ജീവനക്കാർക്ക് നേരെയുള്ള മർദ്ദനത്തിന് കാരണമെന്നാണ് കരുതുന്നത്. അതേസമയം മുന്നറിയിപ്പില്ലാതെ നടത്തിയ പണിമുടക്കിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് ദുരിതത്തിലായത്. രാത്രി വൈകി ഒരു വിഭാഗം മിന്നൽപണിമുടക്ക് പ്രഖ്യാപിച്ചതറിയാതെ റോഡിൽ എത്തിയ നിരവധി പേരാണ് ജോലിയും പഠനവും ഉപേക്ഷിച്ച് വീടുകളിലേക്ക് മടങ്ങിയത്. ട്രേഡ് യൂണിയനുകൾ പണിമുടക്കിനെ അംഗീകരിച്ചിട്ടില്ല. വിദ്യാർത്ഥിനിക്ക് പരിക്കേറ്റതിനെപ്പറ്റിയും, ജീവനക്കാരെ മർദ്ദിച്ചതിനെപ്പറ്റിയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണിമുടക്ക് പിൻവലിക്കുന്നത് സംബന്ധിച്ച് ഇന്നലെ വൈകിട്ട് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ബസ് ജീവനക്കാരെയും ട്രേഡ് യൂണിയൻ പ്രതിനിധികളെയും , വിദ്യാർത്ഥി പ്രതിനിധികളെയും പങ്കെടുപ്പിച്ച് കൂത്തുപറമ്പ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു ചർച്ച. മിന്നൽ പണിമുടക്ക് ഇന്നും തുടരുകയാണെങ്കിൽ ശക്തമായ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.