കണ്ണൂർ: പയ്യാമ്പലം ബീച്ചിനടുത്ത് പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ അന്തർ സംസ്ഥാന മോഷണ സംഘം പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ രാം ബറോസ് (26), രവീന്ദ്ര പാൽ ഗൗതം (28), ഡൽഹി സ്വദേശി മഹേന്ദ്ര (50) എന്നിവരാണ് പിടിയിലായത്. പയ്യാമ്പലം കുനിയിൽ പാലത്തെ നക്ഷത്ര എന്ന വീട്ടിൽ കവർച്ച നടത്തിയ സംഘമാണ് അറസ്റ്റിലായത്.
പരാതി ലഭിച്ച് 24 മണിക്കൂർ പൂർത്തിയാകും മുമ്പാണ് കണ്ണൂർ ടൗൺ പൊലീസ് പ്രതികളെ പിടികൂടിയത്. വീട്ടുകാർ 10 ദിവസം മുമ്പ് വീട് പൂട്ടി മലപ്പുറത്ത് പോയതായിരുന്നു. കഴിഞ്ഞദിവസം ഇവർ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഒരു പവനും 7000 രൂപയുമാണ് ഇവർ മോഷ്ടിച്ചത്. വീട്ടിലുണ്ടായിരുന്ന 12 പവൻ സ്വർണ്ണാഭരണങ്ങൾ കഴിഞ്ഞ ദിവസം ബാങ്ക് ലോക്കറിൽ വച്ചതിനാലാണ് അവ നഷ്ടപ്പെടാതിരുന്നത്. ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ മോഷണ കേസുകളിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടിയ സംഘത്തിൽ എസ്.ഐ നസീബ്, എ.എസ്.ഐ. അജയൻ, സിവിൽ പൊലീസ് ഓഫീസർമാരായ നാസർ, രജീഷ്, നവീൻ, ജിഷ്ണു എന്നിവരുമുണ്ടായിരുന്നു. പ്രദേശത്തെ സി.സി ടി.വി കാമറ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.