കൊട്ടിയൂർ: പതിറ്റാണ്ടുകളായുള്ള അമ്പായത്തോട് പട്ടയപ്രശ്നത്തിന് ഒടുവിൽ പരിഹാരമാകുന്നു.
അമ്പായത്തോട് പട്ടയ പ്രശ്നത്തിൽ വനം -റവന്യു വകുപ്പുകളുടെ സംയുക്ത
സർവ്വേ നടപടികൾ ആരംഭിച്ചു. പട്ടയം നൽകുന്നതിനുള്ള അവസാനഘട്ട സർവേ നടപടികളാണ് ആരംഭിച്ചത്. സർവേ സംബന്ധിച്ച് ഇരിട്ടി ഭൂരേഖ തഹസിൽദാരുടെ ഓഫീസിൽ നിന്നും കൊട്ടിയൂർ പഞ്ചായത്തിന് കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിരുന്നു.

ഇരിട്ടി ഭൂരേഖ തഹസിൽദാർ എം. ലക്ഷ്മണൻ, ഡെപ്യൂട്ടി തഹസിൽദാർ
ജെ. ജോൺസൺ, റവന്യൂ ഉദ്യോഗസ്ഥരായ പി.പി. മണി, ലെനീഷ്, നീധിഷ്, മണികണ്ഠൻ, മുകേഷ് ആന്റണി, അഖിൽ, രവീന്ദ്രൻ, ദിനേശൻ കൊട്ടിയൂർ റേഞ്ച് ഓഫീസർ സുധീർ നരോത്ത്, കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മഹേഷ്, വാച്ചർ ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് സർവേ നടപടികൾക്ക് നേതൃത്വം നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, വൈസ് ഫിലോമിന, പഞ്ചയത്തംഗങ്ങൾ എന്നിവരും സർവേ നടപടി യുടെ ഭാഗമായി സ്ഥലത്തെത്തിയിരുന്നു.

കൊട്ടിയൂർ സബ് ഡിവിഷന് കീഴിലുള്ള കൊട്ടിയൂർ റേഞ്ചിലെ പ്രൊവിഷണൽ സർവേ 12- 22 ൽ പ്പെട്ട 94 കൈവശക്കാർ 1977 നു മുമ്പ് വനത്തിന്റെ കുറച്ച് ഭാഗം കൈവശപ്പെടുത്തി എന്നാണ് പറയപ്പെടുന്നത്. ആ കൈവശപ്പെടുത്തിയ ഭൂമിയുടെ കണക്ക് ശേഖരിക്കുകയും ഡിജിറ്റൽ സർവേയും മഹസറും തയ്യാറാക്കി
മൂന്നുദിവസംകൊണ്ട് സർവ്വേ പൂർത്തിയാക്കി റിപ്പോർട്ട് സർക്കാരിന് നൽകാനാണ് ഉദ്ദേശിക്കുന്നത് ഇരിട്ടി ഭൂരേഖ തഹസിൽദാർ എം. ലക്ഷ്മണൻ പറഞ്ഞു.
കഴിഞ്ഞ മാസം 28 ന് കണ്ണൂർ കളക്ടറേറ്റിൽ ചേർന്ന ഇംബ്ലിമെന്റിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പട്ടയനടപടികൾ വേഗത്തിലാക്കുന്നത്.