നീലേശ്വരം: ദേശീയപാത പള്ളിക്കരയിൽ റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ട് റെയിൽവേ അധികൃതരും ദേശീയപാത അധികൃതരും ഇന്നലെ പള്ളിക്കരയിലെത്തി. പാലക്കാട് ഡിവിഷണൽ എൻജിനീയർ ജഗദീശൻ, ബ്രിഡ്ജസ് വിഭാഗം എൻജിനിയർ ശിനി ബാബു, ദേശീയപാത സൈറ്റ് എൻജിനീയർ സെഫിൻ എന്നിവരാണ് ഇന്നലെ പള്ളിക്കരയിലെത്തിയത്.
ഓവർബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ട് 90 ശതമാനവും പണി പൂർത്തിയായെങ്കിലും റെയിൽവേ ഓവർബ്രിഡ്ജ് പണിയാൻ ഇനി ഗർഡർ സ്ഥാപിക്കുന്ന ജോലി മാത്രമാണ് ബാക്കിയുള്ളത്. ഗർഡർ പണി തീർത്ത് വച്ചിട്ട് തന്നെ വർഷങ്ങളായി. ഇനി ഇത് മാറ്റി സ്ഥാപിക്കണമെങ്കിൽ ഇതുവഴി ട്രെയിൻ കടന്ന് പോകുന്നത് നാല് മണിക്കൂർ ഇടവിട്ട് തടസപ്പെടുത്തണം. വൈദ്യുതി ലൈനും ഓഫാക്കേണ്ടി വരും. 24 മണിക്കൂറിൽ 70 പ്രാവശ്യം ഇപ്പോൾ പള്ളിക്കരയിൽ റെയിൽവേ ഗേറ്റ് അടക്കുന്നുണ്ട്. ഇത് ഏറെയും ബാധിക്കുന്നത് കണ്ണൂർ - മംഗളൂരു ഭാഗത്തേക്ക് രോഗികളെയും കൊണ്ടുപോകുന്ന ആംബുലൻസുകളാണ്.
2018 ലാണ് പള്ളിക്കര റെയിൽവേ ഓവർബ്രിഡ്ജ് പണി ആരംഭിച്ചത്. എന്നാൽ വർഷം നാലു കഴിഞ്ഞിട്ടും റെയിൽവേ അധികൃതരുടെ അലംഭാവം കാരണം പണി നീണ്ടുപോവുകയാണ്.