ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരത്ത് സ്കൂൾ വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് 30 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ശ്രീകണ്ഠപുരം വയക്കര ഗവ. യു.പി സ്കൂളിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറാണ് മറിഞ്ഞത്. ഇന്നലെ രാവിലെ 9.30 ന് സംസ്ഥാനപാതയിൽ വയക്കര സാമിമൊട്ട വളവിൽ ചിഷ്തി നഗറിന് സമീപമായിരുന്നു അപകടം.
എൽ.കെ.ജി വിദ്യാർത്ഥിനി ശിവന (3), ഒന്നാംക്ലാസ് വിദ്യാർത്ഥികകളായ നൈനിക, നിഹാര, രണ്ടാം ക്ലാസിലെ സഹൽ, മുസാഫർ, നന്ദകിഷോർ, മൂന്നാം ക്ലാസ് വിദ്യാർത്ഥി അനിക, നാലാംതരത്തിലെ അനയ്ദേവ്, സഫ, അഞ്ചാം തരത്തിലെ ഷസ, സിയോണ, ദീക്ഷിത, സഞ്ജന, ആറാംതരത്തിലെ ദേവാംഗന, ദേവർഷ്, സിയാ ഫാത്തിമ, റിയ, ഏഴാം തരത്തിലെ അജി, ശ്രീഹരി, വൈഗ, നിമ, നിദ, ഹിത, ആദിദേവ്, മയൂഖ്, അമേഖ്, യദുനന്ദ്, ഹർഷി ലാൽ, സ്വാലിഹ്, സനാഹ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇതിൽ ദേവാംഗനയെയും ശ്രീഹരിയെയും പരിയാരം മെഡി. കോളേജ് ആശു പതിയിലും മറ്റുള്ളവരെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപ്രതിയിലും പ്രവേശിപ്പിച്ചു. സ്കൂളിന് സ്വന്തമായി വാഹനമില്ല. അതിനാൽ ടെമ്പോ ട്രാവലർ വാടകക്ക് എടുത്താണ് കുട്ടികളെ കൊണ്ടുവരുന്നത്. ഇന്നലെ രാവിലെ വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണം.
വാഹന ത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ ട്രാവലർ ഡ്രൈവർ കാഞ്ഞിലേരിയിലെ ജയചന്ദ്രൻ പിടിച്ചിരിക്കാൻ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകി. റോഡിന്റെ ഒരു വശത്ത് വലിയ കുഴിയാണ്. അപകടം മനസിലാക്കിയ ജയചന്ദ്രൻ കുഴിയില്ലാത്ത ഭാഗത്തേക്ക് വാഹനം ഇടിച്ചു കയറ്റുകയായി രുന്നു. ഇതിനാലാണ് വൻ അപകടം ഒഴിവായത്. അപകടം നടന്നയുടൻ ഹൈവേ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ അജിത്തും ശ്രീകണ്ഠപുരം, ഇരിക്കൂർ സ്റ്റേഷനുകളിലെയും പൊലീസെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.