കൂത്തുപറമ്പ്: ഇരിട്ടി - തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തിവന്ന മിന്നൽ പണിമുടക്ക് പിൻവലിച്ചു. കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് പണിമുടക്ക് പിൻവലിക്കാൻ തിരുമാനമായത്. ചൊവ്വാഴ്ച രാവിലെയാണ് തലശ്ശേരി - ഇരിട്ടി റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാത്രി കണ്ടക്ടറെ കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ വച്ച് മർദ്ദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരം.

ചൊവ്വാഴ്ച വൈകിട്ട് ഇത് സംബന്ധിച്ച് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ ചർച്ച നടന്നെങ്കിലും തീരുമാനമായിരുന്നില്ല. തുടർന്ന് ഇരിട്ടി - കണ്ണൂർ, കൂത്തുപറമ്പ്-നിടുംപൊയിൽ, കൂത്തുപറമ്പ് - പാനൂർ റൂട്ടുകളിലും ഇന്നലെ ജീവനക്കാർ ബസ് സർവ്വീസ് നിർത്തി വച്ചിരുന്നു. ഇതിനിടയിൽ കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകരായ ഏഴ് വിദ്യാർത്ഥികളുടെ പേരിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. സമരം കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിക്കുന്ന പശ്ച്ചാത്തലത്തിലാണ് ഉച്ചയോടെ കൂത്തുപറമ്പ് എ.സി.പി ഇരുവിഭാഗത്തെയും ചർച്ചക്ക് വിളിച്ചത്.

ബസ്സ് ജീവനക്കാരെ അക്രമിച്ചവർക്കെതിരെയും , വിദ്യാർത്ഥിയുടെ പരാതിയിലും ശക്തമായ വകുപ്പുകൾ ചുമത്തുമെന്ന ഉറപ്പിന്മേലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ട്രേഡ് യൂണിയൻ ഭാരവാഹികളും , വിദ്യാർത്ഥി സംഘടനാ ഭാരവാഹികളും തൊഴിലാളികളുമാണ് ചർച്ചയിൽ പങ്കെടുത്തത്. പ്രശ്നത്തിന് പരിഹാരമായതിനെ തുടർന്ന് ഉച്ചയോടെ സർവ്വീസുകൾ പുനരാരംഭിച്ചു. മോട്ടോർ ട്രാൻസ്പോർട്ട് യൂണിയൻ സി.ഐ.ടി.യു ജനറൽ സെക്രട്ടറി വി.വി പുരുഷോത്തമൻ, സെക്രട്ടറി എൻ. മോഹനൻ, ട്രഷറർ പി. ചന്ദ്രൻ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികളായ ഒ പ്രദീപൻ , കെ. പ്രേമാനന്ദൻ, പി. മുകുന്ദൻ, കെ. ഗംഗാധരൻ, അർഷിത് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.