കോളയാട്: കാട്ടാനകൾ ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പെരുവ ആക്കംമൂലയിലെ വളള്യാടൻ സുകുമാരന്റെ കൃഷിയിടത്തിലെ ആറ് തെങ്ങ്, ഒൻപത് കവുങ്ങ്, അമ്പതോളം കുലച്ച വാഴകൾ തുടങ്ങിയ കാർഷിക വിളകളാണ് ഇന്നലെ പുലർച്ചെ കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചത്.
സംഭവമറിഞ്ഞെത്തിയ വനപാലകരെ പ്രദേശവാസികൾ തടഞ്ഞുവച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി. ശ്രീഷ, വാച്ചർമാരായ വിജയൻ, വിവേക് എന്നിവരെയാണ് കാട്ടാന ശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ തടഞ്ഞുവച്ചത്.

പെരുവ ആക്കംമൂലയിലും പരിസരങ്ങളിലും മാസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ വൈദ്യുതി കമ്പിവേലി സ്ഥാപിക്കുമെന്ന് വനം വകുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചത്.