കണ്ണൂർ: ഒരു നൂറ്റാണ്ടിലേറെയായി കാത്തിരിക്കുന്ന തലശേരി- മൈസൂരു റെയിൽപാതയെ പാളം കയറ്റാതെ വയനാട്ടിലേക്ക് ബദൽ മാർഗം തേടി റെയിൽവേ മന്ത്രാലയം. വയനാട്ടിൽ റെയിൽവേ എത്തിക്കുന്ന പദ്ധതികളായ നിലമ്പൂർ-നഞ്ചങ്കോട്, തലശ്ശേരി-വയനാട്- മൈസൂർ പദ്ധതികൾക്ക് പകരമായി കൊയിലാണ്ടിയിൽ നിന്നും കൽപ്പറ്റ വഴി മൈസൂരുവിനടുത്തുള്ള കാഡകോലയിലേക്കുള്ള പാതയുടെ സാദ്ധ്യതയാണ് മന്ത്രാലയം തേടുന്നത്.
കർണാടകത്തെയും കേരളത്തെയും കോർത്തിണക്കി നടപ്പാക്കുന്ന റെയിൽവേ ഇടനാഴിയും ഇതോടെ വിസ്മൃതിയിലായി. കുറഞ്ഞ ചിലവിലുള്ള ചരക്കുനീക്കവും ചുരുങ്ങിയ സമയത്തിൽ മംഗളുരുവിൽനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രയും സാദ്ധ്യമാകുന്നതായിരുന്നു റെയിൽവെ ഇടനാഴി.
തലശേരി- മൈസൂരു റെയിൽപാത യാഥാർത്ഥ്യമാക്കുന്നതിനായുള്ള പ്രാഥമിക നടപടിയായ ഹെലികോപ്ടർ ഉപയോഗിച്ചുള്ള ഹെലിബോൺ സർവ്വേ വിജയകരമായി പൂർത്തിയായതിനു പിന്നാലെയാണ് റെയിൽവെ മന്ത്രാലയം ഈ പാത ഉപേക്ഷിക്കുന്നത്.
തലശ്ശേരി -മൈസൂരു റെയിൽവേയുടെ ആദ്യ സാദ്ധ്യതപഠനം നടന്നത് 1910ലായിരുന്നു. പിന്നീട് സർക്കാർ തലത്തിലും ആക്‌ഷൻ കമ്മിറ്റികളുടെ നേതൃത്വത്തിലും പഠനങ്ങൾ നടന്നു. നാഗർഹോള, വയനാട് വന്യജീവി സങ്കേതങ്ങൾ ഒഴിവാക്കി 2017 നവംബറിൽ കേരളം സമർപ്പിച്ച രൂപരേഖ കർണാടക അംഗീകരിച്ചതാണ്. എന്നാൽ തുടർനടപടി ഉണ്ടായില്ല. എണ്ണായിരം കോടി രൂപയാണ് 206 കിലോമീറ്റർ നീളമുള്ള പദ്ധതിയുടെ ചിലവ് പ്രതീക്ഷിച്ചത്.
ദൈർഘ്യം 190 കിലോ മീറ്റർ
190 കിലോ മീറ്റർ നീളമുള്ള റെയിൽപാതയാണ് പരിഗണിക്കുന്നത്. കൊയിലാണ്ടിയിൽ നിന്നും തുടങ്ങി പേരാമ്പ്ര, മുള്ളൻകുന്ന്, നിരവിൽപുഴ, തരുവണ, കൽപ്പറ്റ, മീനങ്ങാടി, പുൽപ്പള്ളി, കൃഷ്ണരാജപുര, എച്ച്.ഡി കോട്ട, ഹാംപാപുര, ബാദിർഗുഡു വഴി കാഡകോല സ്റ്റേഷനിലാവും പാതയെത്തുന്നത്. വയനാടിനേയും മൈസൂരുവിനേയും ബന്ധിപ്പിക്കാനുള്ള ഏറ്റവും നല്ല പാത ഇതാണെന്നാണ് വിലയിരുത്തൽ. വന്യമൃഗങ്ങൾക്ക് ഭീഷണിയില്ലെന്നതും ഈ പാതയെ പരിഗണിക്കുന്നതിന് പിന്നിലുണ്ട്.
പുതിയ ലൈൻ വന്നാൽ കോഴിക്കോട്-മൈസൂരു ദൂരം 230 കിലോ മീറ്റർ കുറയും. നിലവിൽ ബംഗളൂരു വഴി 715 കിലോ മീറ്ററും മംഗളൂരു വഴി 507 കിലോ മീറ്ററുമാണ് മൈസൂരുവിലേക്കുള്ള ദൂരം. പുതിയ ലൈൻ യാഥാർത്ഥ്യമായാൽ ബംഗളൂരു-തിരുവനന്തപുരം ദൂരം 120 കിലോമീറ്റർ കുറയും. മൈസൂരുവിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ദൂരം 330 കിലോമീറ്റർ മാത്രമാകും.
മുഖ്യമന്ത്രിമാർ കണ്ടിട്ടും ഫലമില്ല
തലശേരി- മൈസൂരു റെയിൽപാത യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി കേരളം, കർണാടക മുഖ്യമന്ത്രിമാർ തമ്മിൽ ഒക്ടോബറിൽ കൂടിക്കാഴ്ച നടത്തിയിരുന്നു . നിലമ്പൂർ- നഞ്ചൻകോട് പാതയും ഈ യോഗത്തിലെ പ്രധാന വിഷയമായിരുന്നു.തിരുവനന്തപുരത്ത് നടന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സതേൺ കൗൺസിൽ യോഗത്തിലാണ് റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് ഇരുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിന് ധാരണയായത്. കർണാടക സർക്കാർ ഈ പദ്ധതികളോട് മുഖം തിരിച്ചിരുന്നു.
ബദൽപാത യാഥാർത്ഥ്യമാകാൻ ജനപ്രതിനിധികളുടെ സമ്മർദമുണ്ടാകണം. അല്ലെങ്കിൽ തലശേരി- മൈസൂരു റെയിൽപാതയുടെ ഗതി ഇതിനും വരും.
ഒ.ജയരാജൻ, മുൻ കൺസൾട്ടന്റ് ,കെ. ആർ.ഡി.സി എൽ