കണ്ണൂർ: പഴയ ബസ് സ്റ്റാൻഡിൽ ബസിൽ വിദ്യാർത്ഥികളെ കയറ്റാത്തതിൽ പ്രതിഷേധം. ബസിൽ വിദ്യാർത്ഥികൾ കയറുന്നതിനു മുന്നെ വാതിലടച്ച് ബസ് മുന്നോട്ടെടുത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. രാവിലെ ഒൻപതോടെ ബസിൽ കയറാനെത്തിയ വിദ്യാർത്ഥികളെ കയറ്റാതെ പോകാൻ നോക്കിയ ബസ് വിദ്യാർത്ഥികൾ തടഞ്ഞു വച്ചു. കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് തടഞ്ഞു വച്ചത്. തുടർന്ന് പഴയ ബസ് സ്റ്റാൻഡിലെത്തിയ തളിപ്പറമ്പ്, പയ്യന്നൂർ, തലശ്ശേരി, കൂത്തുപറമ്പ് ബസുകളടക്കം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തടഞ്ഞു.
സ്ഥിരമായി ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് ഇത്തരം സമീപനമാണ് കാണിക്കുന്നതെന്നു വിദ്യാർത്ഥികൾ പറഞ്ഞു. കണ്ണൂർ ടൗൺ പൊലീസ് എത്തിയാണ് വിദ്യാർത്ഥികളെ പിരിച്ചുവിട്ടത്. വിദ്യാർത്ഥികളെ കയറ്റാതെ പോയ ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് കണ്ണൂർ- പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്ക് നടത്തി.