
തൃക്കരിപ്പൂർ: കഴിഞ്ഞ വർഷത്തെ മികച്ച വിളവെടുപ്പിന്റെ പശ്ചാത്തലത്തിൽ കവ്വായി കായലിൽ അടുത്ത സീസണിലേക്കുള്ള കല്ലുമ്മക്കായ കൃഷിക്കുള്ള വിത്തിറക്കുന്നതിനുള്ള ഒരുക്കം തുടങ്ങി. ഒക്ടോബർ, നവംബർ മാസത്തിലാണ് പതിവായി കായലിൽ വിത്തിറക്കി വരുന്നത്. കാലാവസ്ഥ ചതിച്ചില്ലെങ്കിൽ ആറുമാസത്തിനുള്ളിൽ മുതലിറക്കിയതിന്റെ ഇരട്ടിയെങ്കിലും തിരിച്ചു കിട്ടുമെന്നതാണ് ഈ കൃഷിയിലെ ആകർഷണ ഘടകം.
കാര്യമായ പരിചരണവും ആവശ്യമില്ലെന്നതാണ് ഇതിലെ അനുകൂലഘടകം. കവ്വായി കായലിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് കർഷകരാണ് പ്രതീക്ഷയോടെ കല്ലുമ്മക്കായ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്. തൃക്കരിപ്പൂർ പഞ്ചായത്തിലെ മെട്ടമ്മൽ ,വെള്ളാപ്പ്, ആയിറ്റി വലിയപറമ്പില ഇടയിലക്കാട്, തെക്കെക്കാട്, പടന്നകടപ്പുറം, കൂടാതെ പടന്ന, ചെറുവത്തൂർ പഞ്ചായത്തുകളുടെ തീരദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് കല്ലുമ്മക്കായ വളർത്തിയെടുക്കുന്നത്. വ്യക്തികളും സ്വയം സഹായ സംഘങ്ങളുമെല്ലാമായാണ് കൃഷിയുടെ നടത്തിപ്പ്.
രണ്ടു പതിറ്റാണ്ടിലധികമായി തീരദേശ പഞ്ചായത്തുകളിലെ കർഷകരുടെ പ്രധാന വരുമാന മാർഗമായി മാറിയിട്ടുണ്ട് കല്ലുമ്മക്കായ കൃഷി. കാലാവസ്ഥാ വ്യതിയാനവും ഇടനിലക്കാരുടെ ചൂഷണവും കർഷകരെ വലക്കാറുണ്ടെങ്കിലും കഴിഞ്ഞ വർഷം നല്ല വിളവ് ലഭിച്ചത് കർഷകർക്ക് നല്ല പ്രതീക്ഷയാണ് നൽകുന്നത്. കൃഷിക്ക് അനുയോജ്യമായ ലവണാംശം ഏറിയ ഓരു ജലമുള്ളതാണ് കവ്വായി കായലിൽ കല്ലുമ്മക്കായയുടെ വളർച്ചയെ സഹായിക്കുന്നത്.
വിത്തിന് തീവില
കൃഷിക്ക് ആവശ്യമായ വിത്ത് ലഭ്യമാക്കുന്നതിന് സർക്കാർ ഏജൻസികൾ ഇടപെടണമെന്ന കർഷകരുടെ ദീർഘകാലത്തെ ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല. സ്വകാര്യ ഏജൻസികൾ ഒരു ചാക്ക് വിത്തിന് 7000 രൂപ വരെ ഈടാക്കുന്നുണ്ട്. സാധാരണ വലുപ്പമുള്ള ഒരു ചാക്ക് വിത്ത് ഏതാണ്ട് 75 കൈ ഉണ്ടാവും കൂടുതൽ വലുപ്പമുണ്ടായാൽ 55 മാത്രമേ ഉണ്ടാവൂ. വിത്ത് കെട്ടി വെക്കുന്ന കയറ്, കായലിൽ സ്ഥാപിക്കുന്ന മുള തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ചെലവുകളും ഇതിനോടൊപ്പം ചേർക്കുമ്പോൾ നല്ല വിളവ് ലഭിക്കേണ്ടതുണ്ട്.കാലാവസ്ഥ കഠിനമായാൽ അപ്രതീക്ഷിതമായി കൃഷിനാശവും പതിവാണ്. ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുക, വിത്തിന്റെ ഗുണമേൻമയും അളവും ഉറപ്പുവരുത്തുക, കല്ലുമ്മക്കായ സംഭരണത്തിനും സംസ്‌കരണത്തിനും സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഈ കർഷകർ ഉന്നയിക്കുന്നുണ്ട്.
കല്ലുമ്മക്കായ
കടലിൽ പാറകെട്ടുകളിൽ ഒട്ടിപ്പിടിച്ചു വളരുന്ന കടൽ ജീവിയാണ് കല്ലുമ്മക്കായ കക്കയുടെ വർഗത്തിലുള്ള കട്ടിയുള്ള പുറംതോടുള്ള മത്സ്യം (shell fish). കക്ക പോലെ തന്നെ ഇതും ഭക്ഷ്യയോഗ്യമായ ഒരു ജീവിയാണ്. ഇതിന്റെ തോടിന് പൊതുവെ നീല, പച്ചയും കറുപ്പും കലർന്ന നിറമാണ്. കേരളത്തിലെ മലബാർ തീരത്തു കൂടുതലായി കാണപ്പെടുന്നു. ഇന്ന് കേരളത്തിന്റെ തീരപ്രദേശത്ത് ഒട്ടുമിക്ക സ്ഥലങ്ങളിലും കല്ലുമ്മക്കായ കൃഷി ചെയ്തു വരുന്നുണ്ട്. മൈടിളിടെ എന്ന ജൈവ കുടുംബത്തിലെ അംഗമാണ് ഇവ. കടലിലെ മലിനീകരണത്തെ ചെറുക്കുവാൻ സഹായിക്കുന്നവയാണ് കല്ലുമ്മക്കായകളെന്നു പഠനങ്ങൾ തെളിയിക്കുന്നു.മലബാറിൽ ഏറെ പ്രിയങ്കരമാണ് കല്ലുമ്മക്കായ കൊണ്ടുള്ള വിഭവങ്ങൾ.കാൽസ്യത്തിന്റെ കലവറ കൂടിയാണ് ഇത്.