shamzeer
കാങ്കോൽ ആലപ്പടമ്പ് വലിയ ചാൽ ഗവ.എൽ പി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സ്പീക്കർ എ എൻ ഷംസീർ നിർവ്വഹിക്കുന്നു

പയ്യന്നൂർ : വർദ്ധിച്ചുവരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രതിരോധിക്കാൻ കുട്ടികളിൽ ശാസ്ത്രബോധം വളർത്തണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ വലിയചാൽ ഗവ.എൽ പി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രലോകത്തിന്റെ വളർച്ചയും പുരോഗമന ആശയങ്ങളും വിദ്യാർഥികളിൽ എത്തിക്കാനും അദ്ധ്യാപകർക്ക് സാധിക്കണം. അതോടൊപ്പം കുട്ടികളിലെ ലഹരി ഉപയോഗം തടയണമെന്നും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ തിരിച്ചറിയാൻ സാധിക്കണമെന്നും സ്പീക്കർ പറഞ്ഞു.
ടി.ഐ.മധുസൂദനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പുതുക്കിയ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വത്സലയും സ്‌കൂൾ ചരിത്രത്തിന്റെ ഫോട്ടോ അനാഛാദനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി.സുനിൽകുമാറും നിർവഹിച്ചു. വൈദ്യുതീകരണം വൈസ് പ്രസിഡന്റ് കെ.പത്മിനിയും വായന മുറിയുടെ ഉദ്ഘാടനം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലനും നിർവഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ എം.വി.ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വികസനകാര്യ സ്ഥരം സമിതി അദ്ധ്യക്ഷൻ കെ.വി. സുരേഷ് ബാബു, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ശശിധരൻ, പി. ഉഷ, പഞ്ചായത്ത് സെക്രട്ടറി കെ.മോഹനൻ, എസ്.എം.സി ചെയർമാൻ രമേശൻ ചെറൂട്ട, പ്രധാനാദ്ധ്യാപകൻ എം.എൻ.പ്രതാപ് കേശവൻ, സ്‌കൂൾ വികസന സമിതി അംഗങ്ങളായ കെ.പി.കണ്ണൻ, എൻ.കെ.ഗംഗാധരൻ, പി.രാധാകൃഷ്ണൻ, സംഘാടകസമിതി ചെയർമാൻ സി.രമേശൻ, എന്നിവർ പങ്കെടുത്തു.