robbery

തളിപ്പറമ്പ്: തളിപ്പറമ്പിലെ ജുവലറിയിൽ നിന്ന് മൂന്നുപവൻ സ്വർണ്ണവളകൾ കവർന്ന കേസിൽ രണ്ട് സ്ത്രീകൾ കൊയിലാണ്ടിയിൽ പിടിയിലായി. സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീ ഓടി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. കൊയിലാണ്ടിയിലെ സന്തോഷ് ജുവലറിയിൽ സ്വർണ്ണം വാങ്ങാനെന്ന വ്യാജേനെ എത്തിയതായിരുന്നു ഇവർ. ജുവലറി ഉടമ കടയിലേക്ക് കയറിയപ്പോൾ തന്നെ ഇവരെ മനസ്സിലാക്കുകയും കടയിൽ പിടിച്ചുവയ്ക്കുകയുമായിരുന്നു.

ഇതിനിടെയാണ് നേരത്തെ ജുവലറിയിൽ എത്തിയ സംഘാംഗമായ ഒരാൾ ഓടി രക്ഷപ്പെട്ടത്. കടയിൽ ഉണ്ടായിരുന്ന സ്ത്രീകളെ കൊയിലാണ്ടി പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ഇവർ തളിപ്പറമ്പിലെ ജുവലറിയിൽ തട്ടിപ്പിനായി എത്തിയ വീഡിയോ സംസ്ഥാന വ്യാപകമായി ജുവലറി ഉടമകളുടെ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിരുന്നു. ഇതാണ് ഇവരെ പെട്ടെന്ന് പിടികൂടാൻ ഇടയാക്കിയത്.

തളിപ്പറമ്പിലെ അറ്റ്‌ലസ് ജുവലറിയിൽ ബുധനാഴ്ച വൈകിട്ടാണ് കവർച്ച നടന്നത്. രണ്ടുപേർ വള വാങ്ങിക്കാനെന്ന വ്യാജ്യേന ജുവലറിയിലെത്തിയ ശേഷം തങ്ങൾക്ക് ഇഷ്ടപ്പെട്ടതൊന്നും ഇല്ലെന്ന് പറഞ്ഞു മടങ്ങുകയായിരുന്നുവെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇതിനിടെ ഒരു പവൻ വീതം തൂക്കംവരുന്ന മൂന്ന് വളകൾ കൈക്കലാക്കിയത് പിന്നീടാണ് കടയുടമ അറിയുന്നത്. തുടർന്നാണ് പൊലീസിൽ പരാതി നല്കിയത്.

തളിപ്പറമ്പിൽ കവർച്ച നടത്തുമ്പോഴും മൂന്നാമത്തെ സ്ത്രീ ജുവറിയിൽ ഉണ്ടായിരുന്നതായും വ്യക്തമായിട്ടുണ്ട്. തളിപ്പറമ്പ് എസ്.ഐ കെ.ദിനേശൻ കൊയിലാണ്ടിയിലെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.