loco

കണ്ണൂർ: ഇന്ത്യൻ റെയിൽവേയുടെ അത്യാധുനിക മുഖമായ `വന്ദേഭാരത് 'സെമി ഹൈസ്പീഡ് ട്രെയിനിന്റെ ദക്ഷിണേന്ത്യയിലെ കന്നിയാത്രയ്ക്ക് ബംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി വീശിയപ്പോൾ ലോക്കോ പൈലറ്റായത് കണ്ണൂർ സ്വദേശി ആർ.സുരേന്ദ്രൻ. മൈസൂരുവിൽ നിന്നാണ് സർവീസെങ്കിലും ആദ്യ ട്രെയിൻ ഇന്നലെ രാവിലെ പത്തു മണിയോടെ ചെന്നൈയിലേക്ക് പുറപ്പെട്ടത് ബംഗളൂരുവിൽ നിന്നാണ്.

33 വർഷമായി ലോക്കോ പൈലറ്റാണ് പെരളശേരി മക്രേരി സ്വദേശിയായ സുരേന്ദ്രൻ. സർവീസിലെ മികവാണ് ഈ ദൗത്യം തേടിവരാൻ കരണം. വന്ദേഭാരത് ട്രെയിൻ ഓടിക്കാൻ ഡൽഹിയിൽ ആറു മാസത്തെ പ്രത്യേക പരിശീലനം ലഭിച്ചിരുന്നു.

തമിഴ്നാട് സർവ്വെ ഡിപ്പാർട്ട്മെന്റിൽ നിന്നു വിരമിച്ച പരേതനായ എം.കെ. രാഘവന്റെയും കെ.വി. ലീലയുടെയും മകനായ സുരേന്ദ്രൻ ഇരുപതാമത്തെ വയസ്സിലാണ് റെയിൽവേയിൽ ചേർന്നത്.

ഗുഡ്സ് ട്രെയിനിൽ തുടങ്ങി, പാസഞ്ചറും എക്സ് പ്രസും കഴിഞ്ഞ് രാജധാനിയും ജനശതാബ്ദിയും മണിക്കൂറിൽ 110 കിലോ മീറ്റർ വേഗത്തിൽ ഓടിച്ച് പ്രഗത്ഭനായതോടെയാണ് പുതിയ നിയോഗം തേടി വന്നത്.

ആദ്യദിനമായതിനാൽ മിക്ക സ്റ്റേഷനുകളിലും നിർത്തിയായിരുന്നു യാത്ര. പല സ്റ്റേഷനുകളിലും സ്വീകരണവുമുണ്ടായിരുന്നു. ബംഗളൂരുവിൽ നിന്നു ചെന്നൈയിലെത്താൻ നാലര മണിക്കൂർ മതി. ട്രാക്ക് നവീകരണം പൂർത്തിയാകുന്നതോടെ യാത്രാസമയം വീണ്ടും കുറയും. എത്ര അകലെ നിന്നും സിഗ്നൽ സംവിധാനം അറിയാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

സഹ ലോക്കോ പൈലറ്റായ വി. രവിചന്ദ്ര, ലോക്കോ ഇൻസ്പെക്ടർ ധനശേഖർ, സീനിയർ ഇലക്ട്രിക്കൽ എൻജിനീയർ സുരേന്ദ്രനാഥ് തുടങ്ങിയവരും സുരേന്ദ്രനൊപ്പമുണ്ടായിരുന്നു.

പി.വി. സജിനയാണ് ഭാര്യ.ബംഗ്ളൂരിൽ ആർക്കിടെക്റ്റായ അശ്വതിയും പ്ളസ് ടു വിദ്യാർത്ഥി ഹരികൃഷ്ണനും മക്കളാണ്.

`കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള അത്യാധുനിക സുരക്ഷാ സംവിധാനവുമുണ്ട്.'

- ആർ. സുരേന്ദ്രൻ