sports

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും സന്ദർശക ഗ്യാലറിയിൽ നിന്ന് കാണാൻ വിദ്യാർത്ഥികൾക്ക് അവസരം. 15 മുതൽ വിമാനത്താവളത്തിന്റെ നാലാം വാർഷിക ദിനമായ ഡിസംബർ ഒമ്പത് വരെയാണ് കുറഞ്ഞ നിരക്കിൽ സന്ദർശക ഗ്യാലറിയിൽ പ്രവേശനം. വിവിധ ജില്ലകളിലെ സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് അവസരം ഉപയോഗപ്പെടുത്താം. സർക്കാർ, മാനേജ്‌മെന്റ്, അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് 25 രൂപയും അവരെ അനുഗമിക്കുന്ന ജീവനക്കാർക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്. സന്ദർശനത്തിന് എത്തുന്ന മുഴുവൻ വിദ്യാർഥികളുടെയും ജീവനക്കാരുടെയും പേര് രേഖപ്പെടുത്തി പ്രഥമാധ്യാപകൻ/ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കത്ത് കരുതണം. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറു വരെയാണ് സന്ദർശന സമയം. വിമാനം പുറപ്പെടുന്നതും ഇറങ്ങുന്നതുമായ സമയം സ്‌കൂൾ അധികൃതർ മുൻകൂട്ടി മനസ്സിലാക്കി സമയക്രമം പാലിക്കുന്നത് ഉചിതമായിരിക്കുമെന്ന് കിയാൽ അധികൃതർ അറിയിച്ചു. ഫോൺ: 0490 2481000.