സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്
ശ്രീകണ്ഠപുരം: ഇന്ന് നടക്കുന്ന ഏരുവേശ്ശി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എല്ലാ വോട്ടർമാർക്കും സ്ഥാനാർത്ഥികൾക്കും സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. യു.ഡി.എഫ്. നേതാക്കളാണ് സംരക്ഷണമൊരുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. രാവിലെ ഏരുവേശ്ശി കെ.കെ.എൻ.എം. എ.യു.പി. സ്‌കൂളിലാണ് തിരഞ്ഞെടുപ്പ്. ഉത്തരവിന്റെ പശ്ചാത്തലത്തിൽ വേട്ടെടുപ്പ് നടക്കുന്ന സ്‌കൂളിലും പരിസരത്തും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തും.
കോടതി ഉത്തരവിന്റെ പകർപ്പ് കളക്ടർ, എസ് പി., കുടിയാന്മല സി.ഐ, റിട്ടേണിംഗ് ഓഫീസർ, ബാങ്ക് സെക്രട്ടറി എന്നിവർക്ക് കൈമാറി. കോടതി ഉത്തരവ് പ്രകാരം പൊലീസും ഉദ്യോഗസ്ഥരും സംരക്ഷണം നൽകിയില്ലെങ്കിൽ അടുത്ത ദിവസം തന്നെ ബന്ധപ്പെട്ടവരെ പ്രതികളാക്കി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് യു.ഡി.എഫ്. നേതാക്കൾ അറിയിച്ചു.
2017ൽ വലിയ സംഘർഷങ്ങൾക്കൊടുവിലാണ് സി.പി.എം, കോൺഗ്രസ് ഭരിച്ചിരുന്ന ബാങ്കിന്റെ ഭരണം പിടിച്ചെടുത്തത്. മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായ എം. നാരായണനാണ് നിലവിലെ ബാങ്ക് പ്രസിഡന്റ്.
8935 അംഗങ്ങൾ
ചെമ്പേരിയിലെ ഹെഡ് ഓഫീസ് ഉൾപ്പെടെ ആറ് ബ്രാഞ്ചുകളുള്ള ബാങ്കിൽ 8935 അംഗങ്ങളുണ്ട്. ഇത്തവണ വിപുലമായ പ്രചാരണങ്ങളാണ് ബാങ്ക് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇരുമുന്നണികളും നടത്തുന്നത്. മുൻ ബാങ്ക് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ജോസഫ് കൊട്ടുകാപ്പള്ളിയാണ് യു.ഡി.എഫ്. പാനലിനെ നയിക്കുന്നത്. സി.പി.എം. ഏരുവേശ്ശി ലോക്കൽ കമ്മിറ്റിയംഗം അനിൽ പി. ജോർജാണ് എൽ.ഡി.എഫ്. പാനലിനെ നയിക്കുന്നത്.