തൃക്കരിപ്പൂർ: കോറസ് മാണിയാട്ടിന്റെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന ഒൻപതാമത് എൻ.എൻ. പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം 14 മുതൽ 24 വരെ മാണിയാട്ട് പ്രത്യേകം തയ്യാറാക്കിയ ഓപ്പൺ ഓഡിറ്റോറിയ ത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നാളെ ഉച്ചയ്ക്ക് 2ന് വെള്ളിക്കോത്ത് വിദ്വാൻ പി. കേളുനായരുടെ സ്മാരകത്തിൽ നിന്ന് നാടക ജ്യോതി പ്രയാണം. തുടർന്ന് വൈകുന്നേരം 6ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. എൻ.എൻ. പിള്ള പുരസ്കാരം സുരാജ് വെഞ്ഞാറമൂടിന് നൽകും. 24 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സതീഷ് സംഘമിത്രയ്ക്ക് നൽകും. അന്ന് സമൂഹസദ്യയുമുണ്ടാകും. 11 ദിവങ്ങളിലായി നടക്കുന്ന നാടക മാമാങ്കത്തിൽ മന്ത്രിമാരായ വി.എൻ.വാസവൻ, എം.ബി. രാജേഷ് എന്നിവരും പ്രശസ്ത സിനിമാതാരങ്ങളായ ഉണ്ണിമുകുന്ദൻ, സുരഭി ലക്ഷ്മി എന്നിവരും പങ്കെടുക്കും. എല്ലാ ദിവസവും രാത്രി 8ന് നാടകം ആരംഭിക്കും. 2 മണിക്കൂറാണ് നാടകത്തിന്റെ പരമാവധി സമയം. കാണികൾക്ക് ചുക്ക് കാപ്പി വിതരണവും ഉണ്ടായിരിക്കും

വാർത്താസമ്മേളനത്തിൽ ടി.വി. ബാലൻ, കെ. മോഹനൻ, ബിജു നെട്ടറ, സി. നാരായണൻ, എം.കെ. സതീശൻ, കെ.വി. ശശി, ഇ. രാഘവൻ പങ്കെടുത്തു.

നാടകങ്ങൾ

14ന് കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി. 15ന് കൊച്ചിൻ ചന്ദ്രകാന്തയുടെ നത്ത് മാത്തൻ ഒന്നാം സാക്ഷി. 16ന് വള്ളുവനാട് നാദത്തിന്റെ പ്രകാശം പരത്തുന്ന വീട്. 17ന് ആറ്റിങ്ങൽ ശ്രീ ധന്യയുടെ ലക്ഷ്യം. 18ന് തിരുവനന്തപുരം ശ്രീനന്ദനയുടെ ബാലരമ. 19ന് കൊല്ലം അനശ്വരയുടെ അമ്മ മനസ്സ്. 20ന് കൊല്ലം അസ്സീസിയുടെ ജലം. 21ന് ചങ്ങനാശ്ശേരി അണിയറയുടെ നാല് വരിപ്പാത. 22ന് കോഴിക്കോട് സങ്കീർത്തനയുടെ വേട്ട. 23ന് വള്ളുവനാട് ബ്രഹ്മയുടെ രണ്ടു നക്ഷത്രങ്ങൾ. 24ന് കോറസ് മാണിയാട്ടിന്റെ പ്രദർശന നാടകം - കലാപങ്ങൾക്കപ്പുറം.