പയ്യന്നൂർ: ഉത്തര കേരളത്തിലെ പഴനി എന്ന പേരിൽ പ്രസിദ്ധമായ പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ 15 ദിവസം നീണ്ട് നിൽക്കുന്ന ആരാധനാ മഹോത്സവത്തിന് 16 ന് തുടക്കം. തായമ്പക, ചാക്യാർകൂത്ത്, നാദസ്വരം, ഓട്ടൻതുള്ളൽ, പാണ്ടിമേളം, കഥകളി, ശാസ്ത്രീയ നൃത്തം, ആദ്ധ്യാത്മിക പ്രഭാഷണം, അക്ഷരശ്ലോക സദസ്സ് തുടങ്ങിയ ക്ഷേത്രകലകൾക്ക് പ്രാമുഖ്യം കൊടുത്ത് കൊണ്ടുള്ള പരിപാടികൾക്കൊപ്പം, ചലച്ചിത്ര താരങ്ങളായ ആശ ശരത്, അതുൽ നറുകര, ചലച്ചിത്ര പിന്നണി ഗായകരായ അഞ്ജു ജോസഫ്, രാഹുൽ സത്യനാഥ് തുടങ്ങിയവർ നയിക്കുന്ന ഗാനമേളയും മറ്റ് കലാ-സാംസ്കാരിക പരിപാടികളും ഒരുക്കുയിട്ടുണ്ടെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഉത്സവനാളുകളിൽ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള വാദ്യകലാകാരന്മാർ ക്ഷേത്രത്തിലെത്തി തങ്ങളുടെ കലാ പാണ്ഡിത്യം പ്രദർശിപ്പിക്കുന്നത് ഇവിടത്തെ പ്രത്യേകതയാണ്. പ്രമുഖ വാദ്യ കലാകാരന്മാരായ പോരൂൽ ഉണ്ണികൃഷ്ണൻ, ശുകപുരം ദിലീപ്, ചിറക്കൽ നിധീഷ് എന്നിവർ തായമ്പകയും ചെറുതാഴം ചന്ദ്രൻ മാരാർ പ്രമാണിയായുള്ള പാണ്ടിമേളവും വ്യത്യസ്ത ദിവസങ്ങളിൽ അരങ്ങേറും.
16ന് രാവിലെ 9 ന് നടക്കുന്ന പഞ്ചകീർത്തനാലാപനത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. 17 ന് വൈകീട്ട്
6.30ന് ടി.ഐ. മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 30 ന് വൈകീട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും.
ഉത്സവദിവസങ്ങളിൽ ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ ഭക്തർക്കും അന്നദാനം നൽകുന്നതോടൊപ്പം സമാപനദിവസമായ 30ന് ഉച്ചയ്ക്ക് 30,000 ത്തോളം പേർക്ക് പ്രസാദ ഊട്ട് നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. മുഴുവനായും ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടക്കുന്ന ഉത്സവത്തിന് ആവശ്യമായ ഓലകൂട്ടകളുടെ നിർമ്മാണo I3 നും ഭക്ഷ്യധാന്യങ്ങളുടെ ശേഖരണം 15 നും ക്ഷേത്ര കല്യാണ മണ്ഡപത്തിൽ നടക്കും.
വാർത്താസമ്മേളനത്തിൽ ആഘോഷകമ്മിറ്റി ചെയർമാൻ ജ്യോത്സ്യർ എ.വി. മാധവ പൊതുവാൾ, ജനറൽ കൺവീനർ കെ. ശിവകുമാർ, ട്രഷററും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുമായ ടി.എം. സത്യനാരായണൻ, മോഹനൻ പുറച്ചേരി, അത്തായി പദ്മിനി, വി.പി. സുമിത്രൻ, പ്രകാശൻ മഹാദേവ ഗ്രാമം, എ.കെ. രാജേഷ്, സി.കെ. പ്രമോദ് തുടങ്ങിയവർ സംബന്ധിച്ചു.