കണ്ണൂർ:സംസ്ഥാനമന്ത്രിസഭയുടെ ഉപദേശനിർദേശങ്ങൾക്കനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മന്ത്രിസഭയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ഗവർണർക്ക് അധികാരമില്ല. കഴിഞ്ഞ ദിവസം രാജീവ് ഗാന്ധി വധക്കേസിലെ തടവുകാരെ മോചിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധി അടിവരയിടുന്നത് ഇക്കാര്യമാണ്. മന്ത്രിസഭ ശിക്ഷാ ഇളവ് നൽകാൻ ശുപാർശ ചെയ്തിട്ടും വിരുദ്ധമായ പ്രവർത്തിച്ച തമിഴ്നാട് ഗവർണർക്കെതിരെയുള്ള രൂക്ഷ വിമർശനമാണ് വിധിയിലുള്ളതെന്നും മന്ത്രി രാജേഷ് പറഞ്ഞു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമവാഴ്ചയും നീതിന്യായ വ്യവസ്ഥയുംദുർബലപ്പെടുന്ന പ്രവണതയാണ് രാജ്യത്ത് കണ്ടു വരുന്നത്. ഭിന്നാഭിപ്രായമുയർത്തുന്നവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ജയിലിലടയ്ക്കാനുള്ള കേന്ദ്രശ്രമങ്ങൾക്ക് നീതിന്യായ വ്യവസ്ഥയും കൂട്ടുനിൽക്കുകയാണ്. ഭരണഘടനാ അവകാശ സംരക്ഷണത്തിന്റെ കാവലാളായി അഭിഭാഷകർ മാറണമെന്നും പൊതുജനത്തിന് ഭരണഘടനാസാക്ഷരതയുണ്ടാവാൻ നിരന്തരം പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
തുടർന്ന് നടന്ന 'ആൻ ഓവർവ്യൂ ഓഫ് ഡോക്യുമെന്ററി എവിഡൻസ്' വിഷയത്തിൽ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഡോ. കൗസർ എടപ്പകത്ത് ക്ലാസെടുത്തു. അഡ്വ.സി.സി. പ്രമോദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.അഡ്വ. വിനോദ് ചമ്പളോൻ സ്വാഗതം പറഞ്ഞു. അഡ്വ. കെ. എൻ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വിനോദ്കുമാർ ചംബ്ലോൻ, സംസ്ഥാന കമ്മിറ്റിയംഗം ബി .പി ശശീന്ദ്രൻ, അഡ്വ. പി കെ അൻവൻ, അഡ്വ. പി പ്രദീപൻ, അഡ്വ. വിമലകുമാരി എന്നിവർ പ്രസംഗിച്ചു. അഭിഭാഷക വൃത്തിയിൽ അരനൂറ്റാണ്ട് പിന്നിട്ടവരെ ചടങ്ങിൽ ആദരിച്ചു.
ഇന്ന് രാവിലെ പത്തിന് പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് നാലിന് 'ഇന്ത്യൻ ഭരണഘടനയും ഫെഡറലിസവും നേരിടുന്ന വെല്ലുവിളികൾ' വിഷയത്തിലുള്ള സെമിനാർ സ്പീക്കർ എ .എൻ ഷംസീർ ഉദ്ഘാടനംചെയ്യും. അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തും.