1

കാസർകോട് :പൊലീസ് സേനയുടെ യശസ്സുയർത്തുന്ന നിരവധി മാതൃക പ്രവർത്തനങ്ങൾ ഉണ്ടാവുമ്പോഴും വിരലിലെണ്ണാവുന്ന ചിലരുടെ പ്രവൃത്തികൾ പൊലീസ് സേനക്കാകെ കളങ്കപ്പെടുത്തിയുള്ള രീതിയിലാവുന്നത് ഗൗരവത്തോടെ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമൂഹത്തിന് ചേരാത്ത , പൊലീസ് സേനക്ക് ചേരാത്ത പ്രവൃത്തികളിൽ ഏർപ്പെടുന്നവരോട് ഒരു ദയയും ദാക്ഷിണ്യവും കാണിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

കാസർകോട് വനിതാ പൊലീസ് സ്റ്റേഷൻ, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ, മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ, ബേക്കൽ സബ് ഡിവിഷണൽ പൊലീസ് ഓഫീസ് എന്നിവയുടെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിംഗ് മുഖേന നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ മാറ്റം കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞു. രാജ്യത്തെ പൊലീസ് സേനയ്ക്ക് പല വിധത്തിൽ മാതൃകയാവാൻ കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ട്. ക്രമസമാധാന പരിപാലനം ശാസ്ത്രീയ കുറ്റാന്വേഷണം, സൈബർ കേസന്വേഷണം ഈ രംഗങ്ങളിലൊക്കെ രാജ്യത്ത് കേരള പൊലീസ് ഒന്നാമതാണ്. കളങ്കിത പ്രവർത്തനങ്ങളിൽ ഏർപ്പടുന്നവർ പൊലീസ് സേനയുടെ ഭാഗമായി തുടർന്ന് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവണമെന്നു തന്നെയാണ് സർക്കാർ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തെ ട്രെയിനിംഗ് സെന്ററിൽ നടന്ന പരിപാടിയിൽ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു.

കാസർകോട് വനിതാ പൊലീസ് സ്റ്റേഷൻ, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എന്നിവയുടെ ശിലാഫലകം എൻ. എ നെല്ലിക്കുന്ന് എം.എൽ.എ അനാച്ഛാദനം ചെയ്തു. ഡി.വൈ.എസ്.പി (എസ്.എം.എസ് പൊലീസ് സ്റ്റേഷൻ) വിശ്വംഭരൻ നായർ , സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.കെ സുധാകരൻ, സൈബർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്. ഒ.കെ പ്രേംസദൻ , കാസർകോട് വനിതാ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പി.ചന്ദ്രിക, മധൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ഗോപാലകൃഷ്ണ , ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിൻ കബീർ , മധൂർ പഞ്ചായത്ത് അംഗം എം സ്മിത , ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സതീഷ് കുമാർ ആലക്കൽ , കെ.പി.ഒ.എ കാസർകോട് സെക്രട്ടറി എം സദാശിവൻ , കെ.പി.എ കാസർകോട് സെക്രട്ടറി എ.പി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് പി കെ രാജു സ്വാഗതവും ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി സി.എ അബ്ദുൽ റഹീം നന്ദിയും പറഞ്ഞു.