പാണത്തൂർ (കാസർകോട്): കേരള - കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പാണത്തൂർ- സുള്ള്യ റോഡിലെ ഏറ്റവും വലിയ അപകട മേഖലയാണ് വട്ടക്കുണ്ട് മുതൽ പരിയാരം തട്ടു വരെയുള്ള രണ്ട് കിലോമീറ്റർ ദൂരം. ഈ അന്തർ സംസ്ഥാനപാത അഞ്ചരക്കോടി രൂപ മുടക്കി മെക്കാഡം ടാർ ചെയ്യാൻ പദ്ധതി തുടങ്ങിയെങ്കിലും അപകടമേഖല ഇല്ലാതാക്കുന്നതിനുള്ള ഒരു പദ്ധതിയും റോഡ് പണിയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതിലുള്ള ആശങ്ക പങ്കുവയ്ക്കുകയാണ് ഈ പ്രദേശവാസികൾ.
രണ്ടുവർഷം മുമ്പ് കർണ്ണാടകയിൽ നിന്നുള്ള വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഏഴ് പേരും കഴിഞ്ഞവർഷം ലോറി കൊക്കയിലേക്ക് മറിഞ്ഞു നാലുപേരും മരിച്ച ദുരന്ത മേഖലയാണ് ഈ റോഡിന്റെ പ്രധാന ശാപം. ദിനംപ്രതി നിരവധി അപകടങ്ങൾ ഈ മേഖലയിൽ നടക്കുന്നുണ്ട്. ബ്രേക്ക് പൊട്ടിയ വാഹനങ്ങൾ തലനാരിഴക്ക് രക്ഷപ്പെട്ട സംഭവങ്ങളും അനവധിയാണ്.
ചെങ്കുത്തായ കയറ്റവും ഇരുഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കാണാത്ത വിധമുള്ള വലിയ വളവുമാണ് റോഡിൽ ഉള്ളത്. കണ്ണൊന്നു തെറ്റിയാൽ വാഹനങ്ങൾ പതിക്കുന്നത് താഴെ കൊക്കയിലേക്കാണ്. ദുരന്തങ്ങൾ സംഭവിക്കുമ്പോൾ പ്രഖ്യാപനങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും യാതൊന്നും ഇതുവരെ നടപ്പിലായിട്ടില്ല. രാത്രി യാത്രക്കാരെയും വാഹനങ്ങൾ ഓടിക്കുന്നവരെയും സഹായിക്കാൻ സിഗ്നൽ ലൈറ്റ് സ്ഥാപിക്കുമെന്ന് പറഞ്ഞിട്ട് അതുപോലും നടപ്പിലായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
പുതിയ മെക്കാഡം റോഡ് പദ്ധതിയിലും കുന്നിടിച്ച് കയറ്റം കുറക്കാനും വളവ് ഇല്ലാതാക്കാനുമുള്ള പദ്ധതി ഉൾപ്പെടുത്തിയിട്ടില്ല. ഇതിനുള്ള ഫണ്ടും എസ്റ്റിമേറ്റിൽ വകയിരുത്തിയിട്ടില്ല. എട്ട് മീറ്റർ വീതിയിൽ നിലവിലുള്ള റോഡ് മെക്കാഡം ചെയ്യുന്ന പ്രവൃത്തി മാത്രമാണ് നടത്തുന്നത്. ഇത് കൊണ്ട് മാത്രം അപകടം കുറക്കാൻ കഴിയില്ലെന്ന് പ്രദേശത്തുള്ളവരും പറയുന്നു.
വീതി കൂട്ടാൻ വഴികളില്ളേ..
റോഡിന് വീതി കൂട്ടുന്നതിനായി സ്ഥലം ഏറ്റെടുക്കാനുള്ള പ്രവൃത്തിയും നടത്തിയിട്ടില്ല. റോഡരികിലുള്ള സ്ഥലമുടമകൾ ഭൂമി വിട്ടു തരുന്നില്ല എന്നാണ് അധികൃതർ പറയുന്നത്. പരിയാരം തട്ട് മുതൽ കല്ലപ്പള്ളി വരെയുള്ള നാലു കിലോമീറ്റർ നേരത്തെ ടാർ ചെയ്തിരുന്നു. കല്ലപ്പള്ളി മുതൽ കർണാടക അതിർത്തിയായ കമ്മാടി ഗട്ടി വരെയുള്ള ആറ് കിലോമീറ്റർ റോഡ് ടാർ ചെയ്യുന്ന പ്രവൃത്തിയും ഇതോടൊപ്പം നടക്കുകയാണ്.