കണ്ണൂർ: കക്കാട് പുഴ മലിനമാക്കുന്നവർക്കെതിരെ കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ ഒരുങ്ങുന്നു. പൊതുജനങ്ങൾ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ മാലിന്യ നിർമ്മാർജ്ജന പദ്ധതിക്കാണ് രൂപം കൊടുക്കുന്നത്. ശക്തമായ ബോധവൽക്കരണ പ്രവർത്തനമുൾപ്പെടെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തും. കഴിഞ്ഞ ദിവസങ്ങളിൽ കക്കാട് പുഴ പുനരുജ്ജീവനത്തിന്റെയും സൗന്ദര്യവൽക്കരണത്തിന്റെയും ഭാഗമായി മേയറുൾപ്പെടെ പുഴ സന്ദർശിക്കുകയും മാലിന്യങ്ങൾ കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു.
വരുംനാളുകളിൽ വൃത്തിയാക്കിയ സ്ഥലങ്ങളിൽ മാലിന്യം കൊണ്ടുതള്ളുന്നവരെ കൈയോടെ പിടിക്കുന്നതിന് ജനകീയ കൂട്ടായ്മ മുന്നിട്ടറിങ്ങും. ഇരുട്ടിന്റെ മറവിൽ പുഴയും പരിസരങ്ങളും മലിനമാക്കുന്നവർക്കെതിരെ കോർപ്പറേഷൻ ശക്തമായ നടപടിയുമെടുക്കും. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രാത്രികാല സ്‌ക്വാഡുകൾ ശക്തമാക്കുകയും ആവശ്യമുള്ള ഇടങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും ചെയ്യും. കക്കാട് -മുണ്ടയാട് റോഡ്, പള്ളിപ്രം റോഡ്, അമൃത സ്കൂൾ പരിസരം
എന്നിവിടങ്ങളിലാണ് മാലിന്യങ്ങൾ ഏറ്റവും കൂടുതൽ തള്ളുന്ന സ്ഥലം. ജനവാസം കുറഞ്ഞ പ്രദേശങ്ങളിലാണ് വലിയ തോതിൽ മാലിന്യങ്ങൾ തള്ളുന്നത്. ആദ്യഘട്ടത്തിൽ ഈ മൂന്ന് സ്ഥലങ്ങളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കും. പുഴയ്ക്ക് സമീപം പാർക്ക് നിർമ്മിക്കും.
പുഴയുടെ ഒരു ഭാഗത്ത് മാത്രം
മൂന്ന് ലോഡ് മാലിന്യം
ലോറിയിലും മറ്റ് വാഹനങ്ങളിലുമായി അറവുമാലിന്യമുൾപ്പെടെ ലോഡ് കണക്കിന് മാലിന്യങ്ങളാണ് കക്കാട് പുഴയിൽ കൊണ്ട് തള്ളിയത്. പുറത്ത് നിന്നുള്ള ആളുകളാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കഴിഞ്ഞ ദിവസം ശുചീകരണ തൊഴിലാളികൾ മൂന്ന് ലോഡ് മാലിന്യം പുഴയുടെ ഒരു ഭാഗത്ത് നിന്ന് മാത്രം നീക്കം ചെയ്തിരുന്നു. നേരത്തെ അമൃത് പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി രൂപ ചിലവഴിച്ച് കക്കാട് പുഴ വൃത്തിയാക്കിയിരുന്നുവെങ്കിലും മാലിന്യം തള്ളുന്നത് തുടർന്നതോടെയാണ് ജനകീയ കൂട്ടായ്മ ഉൾപ്പെടെ രൂപീകരിക്കുന്നത്.
നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത്
കക്കാട് പാലത്തിന് സമീപം
പള്ളിപ്രം രണ്ടാം പാലത്തിനടുത്ത്
ശാദുലിപ്പള്ളി റോഡിൽ
ജനകീയ കൂട്ടായ്മ നാളെ
പുഴ ജീവനാണ് കൊല്ലരുത് എന്ന സന്ദേശത്തോടെ കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ കക്കാട് പുഴ മലിനമാക്കുന്നവർക്കെതിരെ ജനകീയ കൂട്ടായ്മ രൂപീകരിക്കും. കക്കാട് പള്ളിപ്രം റോഡിൽ നാളെ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യും.
ഇരുട്ടിന്റെ മറവിൽ പുഴയും പരിസരങ്ങളും മലിനമാക്കുന്നവർക്കെതിരെ കോർപ്പറേഷൻ ശക്തമായ നടപടിയെടുക്കും. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രാത്രികാല സ്‌ക്വാഡുകൾ ശക്തമാക്കുകയും ആവശ്യമുള്ള ഇടങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും ചെയ്യും.
ടി.ഒ. മോഹനൻ, മേയർ