mla
ചെറുവത്തൂർ കൊവ്വൽ ദേശീയപാതയിൽ അടിപ്പാത നിർമ്മാണത്തിൻ്റെ ആവശ്യം ഉന്നയിച്ചു കൊണ്ട് ആക്‌ഷൻ കൗൺസിൽ നേതാക്കൾ എം. രാജഗോപാലൻ എം.എൽ.എയെ കണ്ടു ചർച്ച നടത്തുന്നു

കൊവ്വൽ, കുട്ടമത്ത് സ്കൂൾ വിദ്യാർത്ഥികളും പ്രക്ഷോഭത്തിന്

കാസർകോട്: ദേശീയപാത ഉയരം കൂട്ടി നവീകരിക്കുമ്പോൾ നിലവിലുള്ള ഗതാഗത സൗകര്യം നഷ്ടപ്പെട്ട്, ഒറ്റപ്പെട്ടു പോകുന്ന ചെറുവത്തൂർ, കൊവ്വൽ പ്രദേശത്തെ ജനങ്ങൾക്കായി ജനകീയ ആക്ഷൻ കമ്മറ്റി രംഗത്തിറങ്ങുന്നു. ഇവിടെ അണ്ടർപാസ് അനുവദിച്ചു കിട്ടുന്നതിന് പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം.

18 ന് വൈകുന്നേരം നാലിന് ചെറുവത്തൂർ കൊവ്വലിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മയിൽ ചെറുവത്തൂർ കൊവ്വൽ എ.യു.പി സ്കൂളിലെയും കുട്ടമത്ത് ഹയർ സെക്കൻഡറി സ്കൂളിലെയും കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിക്കാൻ ആക്ഷൻ കമ്മറ്റി തീരുമാനിച്ചു. പ്രതിഷേധ കൂട്ടായ്മ എം. രാജഗോപാലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.

നീലേശ്വരം - തളിപ്പറമ്പ് റീച്ചിൽ ഉൾപ്പെടുന്ന പള്ളിക്കര മുതൽ ചെറുവത്തൂർ വരെയുള്ള ഭാഗത്ത് ഏകദേശം അഞ്ച് കിലോമീറ്റർ ദൂരത്തിൽ അണ്ടർപാസോ യാത്ര സൗകര്യങ്ങളോ ഇല്ല. ദേശീയപാതയുടെ ഇരുഭാഗത്തുമുള്ളവർക്ക് മറുവശത്ത് എത്തിച്ചേരാൻ ആറു കിലോമീറ്റർ യാത്ര ചെയ്യേണ്ടിവരും.
ദേശീയപാതയ്ക്ക് സമീപം കൊവ്വലിൽ യു.പി സ്കൂളും കുട്ടമത്ത് ഹയർ സെക്കൻഡറി സ്കൂളും പ്രവർത്തിക്കുന്നുണ്ട്. രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ പഠിക്കാൻ ദിവസവും റോഡ് മുറിച്ചു കടന്നും വാഹനത്തിലും പോകുന്നത്.

പ്രവർത്തനം സ്തംഭിക്കും

ദേശീയപാത പൂർത്തിയാകുന്നതോടെ വീരഭദ്ര ക്ഷേത്രം, ചക്രപുരം ശ്രീകൃഷ്ണ ക്ഷേത്രം, മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, മഹാശിവക്ഷേത്രം, മയ്യിച്ച വയൽക്കര ഭഗവതി ക്ഷേത്രം, അഴിവാതുക്കൽ വിഷ്ണുമൂർത്തി ക്ഷേത്രം, കൊവ്വൽ ജുമാ മസ്ജിദ്, നിരവധി ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടി എന്നിവയുടെയെല്ലാം പ്രവർത്തനം സ്തംഭിച്ചേക്കും.

അണ്ടർപാസ് വേണമെന്ന ആവശ്യം ഉന്നയിച്ച് ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതോടെ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്നും അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കരുതിയാണ് പ്രക്ഷോഭത്തിന്റെ വഴികളിലേക്ക് പോകാതിരുന്നത്. എന്നാൽ അധികൃതർ യാതൊന്നും ചെയ്യാൻ തയാറാകുന്നില്ലെന്ന് മനസിലാക്കിയാണ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നത്.

കെ. നാരായണൻ ( ചെയർമാൻ, ചെറുവത്തൂർ കൊവ്വൽ അണ്ടർപാസ് ആക്ഷൻ കമ്മറ്റി)

ചെറുവത്തൂർ കൊവ്വൽ ദേശീയപാതയിൽ അടിപ്പാത നിർമ്മാണത്തിന്റെ ആവശ്യം ഉന്നയിച്ച് ആക്‌ഷൻ കൗൺസിൽ നേതാക്കൾ എം. രാജഗോപാലൻ എം.എൽ.എയെ കണ്ടു ചർച്ച നടത്തുന്നു