
കണ്ണൂർ: ഏരുവേശ്ശി സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സംഘർഷമുണ്ടാക്കിയത് ഇരിക്കൂർ എം.എൽ.എ.യുടെ നേതൃത്വത്തിലാണെന്ന് സി.പി. എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. എൽ.ഡി.എഫ് വോട്ടർമാർ ക്യൂവിന്റെ മുൻനിരയിലായിരുന്നു. എം.എൽ.എ.യുടെ നേതൃത്വത്തിൽ കോൺഗ്രസ് വോട്ടർമാർ ക്യൂവിന്റെ മുൻനിരയിലുള്ളവരെ മാറ്റി അവിടെ കോൺഗ്രസ്സുകാരെ നിർത്താൻ നോക്കി. അത് പൊലീസ് അനുവദിച്ചില്ല.പിന്നീട് പഞ്ചായത്തംഗം അടക്കമുള്ള എൽ.ഡി.എഫ് വോട്ടർമാർക്കെതിരെ അക്രമമഴിച്ചുവിട്ടു. വനിതകളെയടക്കം കോൺഗ്രസുകാർ ആക്രമിച്ചു. കോൺഗ്രസുകാരായ വോട്ടർമാരെ ആരും തടഞ്ഞിട്ടില്ല. മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പ് നടന്ന സ്‌കൂളിൽ തന്നെയാണ് ഇത്തവണയും തിരഞ്ഞെടുപ്പ് നടന്നത്. എന്നാൽ ബോധപൂർവ്വം കോൺഗ്രസുകാർ ആക്രമണം അഴിച്ചുവിടുകയായിരുന്നു.വസ്തുത ഇതായിരിക്കെ സി.പി.എം ആക്രമിച്ചുവെന്ന കള്ളക്കഥയാണ് പ്രചരിപ്പിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.