നീലേശ്വരം: തെരുവുനായകൂട്ടം നീലേശ്വരം നഗരസഭാ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ഭീഷണിയാവുന്നു. പത്തോളം തെരുവുനായ്ക്കളാണ് ബസ് സ്റ്റാൻഡിൽ വിഹരിക്കുന്നത്. വിദ്യാർത്ഥികളടമുള്ളവരുടെ നേർക്ക് ഇവർ കുരച്ചുചാടുന്നത് പതിവാണ്.
ബസ് സ്റ്റാൻഡിലെ തെരുവുനായ ശല്യം തടയണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്ക് പരാതിനൽകിയിട്ടും യാതൊരുനടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു. രാത്രിയിൽ ബസിറങ്ങുന്നവർക്കാണ് തെരുവുനായ്ക്കൾ കൂടുതൽ ഭീഷണിയാവുന്നത്.
ഇതിനിടെ തെരുവുനായ്ക്കൾ വൈറസ് രോഗം ബാധിച്ച് ചത്തുവീഴുന്നത് കൂടുതൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ടൗണിലും പരിസരങ്ങളിലും നിരവധി നായ്ക്കളാണ് കഴിഞ്ഞദിവസങ്ങളിൽ രോഗംബാധിച്ച് ചത്തുവീണത്. നീലേശ്വരം മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ വി.വി. പ്രദീപ്കുമാറാണ് തെരുവുനായ്ക്കൾ ചത്തുവീഴാൻ കാരണം വൈറസ് രോഗമാണെന്ന് കണ്ടെത്തിയത്. ബസ് സ്റ്റാൻഡിൽ അലഞ്ഞുതിരിയുന്ന നായ്ക്കളിലും വൈറസ് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്.