nadakam-
എൻ.എൻ.പിള്ള സ്മാരക നാടക മത്സരത്തിന് മുൻ മന്ത്രി ഇ.പി.ജയരാജനും സുരാജ് വെഞ്ഞാറമൂടും ചേർന്ന് തിരി തെളിയിക്കുന്നു

മാണിയാട്ട് :മാണിയാട്ട് കോറസ് കലാസമിതിയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഒൻപതാമത് എൻ. എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന് തിരിതെളിഞ്ഞു. 24 വരെ മാണിയാട്ട് പ്രത്യേകം തയ്യാറാക്കിയ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന നാടക മത്സരത്തിന് വെള്ളിക്കോത്ത് വിദ്വാൻ പി കേളുനായരുടെ സ്മാരകത്തിൽ നിന്നും ആരംഭിച്ച നാടക ജ്യോതി ഘോഷയാത്രയായി കളി വിളക്കിൽ തെളിയിച്ചതോടെയാണ് പത്ത് ദിവസം നീളുന്ന നാടക രാവിന് കൊടിയേറ്റമായത്.

മുൻ മന്ത്രി ഇ. പി ജയരാജൻ നാടക മത്സരം ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ കെ. കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. എൻ എൻ പിള്ള സ്മാരക ചലചിത്ര അവാർഡ് ജേതാവ് സുരാജ് വെഞ്ഞാറമൂട്, ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. വൈഭവ് സക്സേന, സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, പി.കരുണാകരൻ, എം.വി.കോമൻ നമ്പ്യാർ, എന്നിവർ സംസാരിച്ചു.ജനറൽ കൺവീനർ ടി. വി ബാലൻ സ്വാഗതവും കെ. റിലീഷ് നന്ദിയും പറഞ്ഞു.ചടങ്ങിൽ സിനിമ രംഗത്തെ സമഗ്ര സംഭാവനക്കുള്ള എൻ എൻ പിള്ള പുരസ്കാരം സുരാജ് വെഞ്ഞാറമൂടിന് സമ്മാനിച്ചു.

24 ന് സമാപിക്കുന്ന നാടക മത്സരത്തിൽ പത്ത് മത്സര നാടകങ്ങളും ഒരു പ്രദർശന നടകവും അരങ്ങേറും. എൻ.എൻ.പിള്ളയുടെ പേരിൽ സംസ്ഥാനത്ത് സ്മാരം നിർമ്മിച്ചതും കോറസിന്റെ നേതൃത്വത്തിലാണ്. ആദ്യ ദിനം കോഴിക്കോട് രംഗഭാഷയുടെ മൂക്കൂത്തി നാടകം അരങ്ങേറി. ഇന്ന് കൊച്ചിൻ ചന്ദ്രകാന്തയുടെ നത്ത് മാത്തൻ ഒന്നാം സാക്ഷി നാടകം അരങ്ങേറും. നാടകം കാണാൻ എത്തിയ മുഴുവൻ പേർക്കും വനിതാ കൂട്ടായ്മ കുമ്പിളപ്പം വിതരണം ചെയ്തു.