പാലക്കുന്ന്: കഴകത്തിൽപ്പെടുന്ന കളനാട് കോളിക്കര വയനാട്ടുകുലവൻ തറവാട് കമ്മിറ്റിയും സമീപത്തെ വലിയവീട് തറവാട്ടിൽ താമസിക്കുന്നവരും തമ്മിൽ 29 വർഷമായി തുടരുന്ന നിയമയുദ്ധം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര 'പഞ്ചാത്തിക്ക'(പഞ്ചായത്ത്) യിൽ ഒത്തുതീർപ്പായി.
തറവാട് ഭവനവും രണ്ടേക്കറോളം വരുന്ന പറമ്പും സംബന്ധിച്ചുള്ള ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കം ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോളിക്കര തറവാടിന്റെ മൂലസ്ഥാനമാണ് കളനാട് വലിയ വീട് തറവാട്. തറവാട് പരിചരണത്തിന്റെ ഭാഗമായി കോളിക്കര തറവാട് അംഗമായ കർത്തു എന്നയാളും കുടുംബവുമായിരുന്നു വലിയവീട് തറവാട് ഭവനത്തിൽ താമസം. അദ്ദേഹത്തിന്റെ കാലശേഷം മകൻ നാരായണനും അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ മക്കളും കുടുംബവുമാണ് താമസിച്ചുവരുന്നത്.
പിന്നീട് വീടും സ്ഥലവും ഒഴിഞ്ഞു കിട്ടാൻ 1993ൽ കോളിക്കര കമ്മിറ്റി കാസർകോട് മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തു. ആ കേസാണ് തീർപ്പാവാതെ ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. അത് ഇനിയും എത്രനാൾ തുടരുമെന്ന് നിശ്ചയമില്ലാത്തതിനാലാണ് കോളിക്കര തറവാട് കമ്മിറ്റി പ്രശ്നപരിഹാരത്തിനായി കഴകത്തെ സമീപിച്ചത്. പാലക്കുന്ന് ക്ഷേത്ര ആചാരസ്ഥാനികരുടെയും ഭരണസമിതി ഭാരവാഹികളുടെയും സാന്നിധ്യത്തിൽ കഴിഞ്ഞദിവസം നടന്ന 'പഞ്ചാത്തിക്ക' (പഞ്ചായത്ത്) യിൽ ഉഭയകക്ഷി സമ്മതത്തോടെയാണ് പ്രശ്നം രമ്യമായി പരിഹരിച്ചത്. തീരുമാനമനുസരിച്ച് തറവാടും അതുൾക്കൊള്ളുന്ന രണ്ടേക്കറോളം സ്ഥലവും നിലവിലെ താമസക്കാർ കോളിക്കര തറവാട് കമ്മിറ്റിക്ക് കൈമാറും. പകരം 25 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി കോളിക്കര തറവാട് കമ്മിറ്റി, വലിയവീട് തറവാട്ടിലെ താമസക്കാർക്ക് നൽകും. ഹൈക്കോടതിയിലെ കേസും പിൻവലിക്കും.