നീലേശ്വരം: രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ആതിഥ്യമരുളുന്ന കാസർകോട് റവന്യു ജില്ലാ സ്കൂൾ കായികമേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ എം. രാജഗോപാലൻ എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ മുഖ്യാഥിതിയാവും. നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത അദ്ധ്യക്ഷയാവും.
127 ഇനങ്ങളിലായി യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഏഴ് ഉപജില്ലകളിൽ നിന്നായി 1200 ഓളം കായിക താരങ്ങൾ പങ്കെടുക്കും.
ഇന്ന് ഉച്ചയ്ക്ക് 2 ന് കാലിക്കടവിൽ രാജ്യാന്തര ഫുട്ബാൾ താരം എം. സുരേഷ് ദീപശിഖ കൊളുത്തും. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്നകുമാരി ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്യും. 18ന് സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അദ്ധ്യക്ഷനാവും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർപേഴ്സൺ ടി.വി ശാന്ത, വൈസ് ചെയർമാൻമാരായ പി.പി മുഹമ്മദ് റാഫി, മഡിയൻ ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പാൾ എം. വിജീഷ്, രാധാകൃഷ്ണൻ നായർ, മീഡിയ കമ്മിറ്റി ചെയർമാൻ സർഗം വിജയൻ തുടങ്ങിയവർ പങ്കെടുത്തു.