നീലേശ്വരം: നാടെങ്ങും ദേശീയപാത വികസനം ദ്രുതഗതിയിൽ പുരോഗമിക്കുമ്പോൾ നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിസരത്ത് വികസന പ്രവർത്തനങ്ങൾ തടസപ്പെടുന്നു.
വിവിധ കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ സ്റ്റേഷൻ വളപ്പിലും ദേശീയ പാതയോരത്തും കൂട്ടിയിട്ടതാണ് ദേശീയപാത വികസനത്തെ തടസപ്പെടുത്തുന്നത്. ഈ പ്രദേശത്ത് പണി ആരംഭിക്കാനാകാത്തതിൽ ആശങ്കയിലാണ് ദേശീയപാത അധികൃതർ.
ജില്ലയിൽ ദേശീയ പാതയോരത്ത് നീലേശ്വരം പൊലീസ് സ്റ്റേഷൻ മാത്രമാണ് റോഡിനോട് മുട്ടി നിൽക്കുന്നത്. അതുകൊണ്ട് തന്നെ വർഷങ്ങളായി പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ സ്റ്റേഷൻ വളപ്പിൽ നിറഞ്ഞതോടെ ബാക്കിയുള്ള വാഹനങ്ങൾ സ്റ്റേഷൻ മതിലിന് പുറത്ത് പാതയോരത്ത് കൂട്ടിയിട്ടിരിക്കുകയുമാണ്.
വാഹനങ്ങൾ ഇവിടെ നിന്ന് മാറ്റിയാൽ മാത്രമെ ദേശീയപാത അധികൃതർക്ക് പണി ആരംഭിക്കാനാവുകയുള്ളൂ. വാഹനങ്ങൾ മിക്കതും മണൽ പിടിച്ചതും തുരുമ്പെടുത്ത് നശിച്ചു കൊണ്ടിരിക്കുന്നതുമാണ്. സ്ഥലസൗകര്യമില്ലാത്തതിനാൽ വാഹനങ്ങൾ ഒന്നിന് മുകളിൽ ഒന്നായി കൂട്ടിയിട്ടിരിക്കുന്നതും കാണാം.
യാത്രാ വണ്ടികൾക്ക് ഭീഷണി
ദേശീയ പാതയിൽ കൂടി കടന്നു പോകുന്ന വാഹനങ്ങൾക്കും കൂട്ടിയിട്ട വാഹനങ്ങൾ ഭീഷണിയായി മാറിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നീലേശ്വരം പൊലീസ് സ്റ്റേഷൻ സന്ദർശിക്കാറുണ്ടെങ്കിലും കൂട്ടിയിട്ട വാഹനങ്ങളേക്കുറിച്ച് ഇവർ ചിന്തിക്കാറെയില്ല.
നീലേശ്വരം പൊലീസ് സ്റ്റേഷനു സമീപം ദേശീയപാതയോരത്ത് വാഹനങ്ങൾ കൂട്ടിയിട്ട നിലയിൽ.