പിലിക്കോട്: കാലിക്കടവ് രമ്യാ ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തനമാരംഭിക്കുന്ന എം. കൃഷ്ണൻ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം 19ന് വൈകീട്ട് 5 മണിക്ക് സി.പി.എം സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.ഗോവിന്ദൻ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രമ്യ ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിക്കുകയും പ്രസ്ഥാനത്തിന് കരുത്തു പകരുകയും പിന്നീട് അകാലത്തിൽ കൊവിഡ് ബാധിച്ചു മരിക്കുകയും ചെയ്ത കൃഷ്ണന്റെ സ്മരണ നിലനിർത്തുന്നതിനാണ്
കാലിക്കടവ് കേന്ദ്ര മാക്കി എം. കൃഷ്ണൻ പഠന കേന്ദ്രം ആരംഭിക്കുന്നത്.
മികച്ച സംഘാടകൻ, പ്രഭാഷകൻ, ട്രേഡ് യൂണിയൻ നേതാവ്, സാംസ്കാരികപ്രവർത്തകൻ എന്നിങ്ങനെ കൃഷ്ണന്റെ വിശേഷണങ്ങൾ നീളും. ഉദ്ഘാടന ചടങ്ങിൽ മുൻ എം.പി. പി. കരുണാകരൻ അദ്ധ്യക്ഷത വഹിക്കും. കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി സാംസ്കാരിക പ്രഭാഷണം നടത്തും. രമ്യ ഫൈൻ ആർട്സ് സൊസൈറ്റി അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. എല്ലാ വർഷവും എം.കൃഷ്ണന്റെ പേരിൽ കലാ സാംസ്ക്കാരിക മേഖലയിലെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അവാർഡ് ദാനത്തിനുള്ള പദ്ധതിയും ഏർപ്പെടുത്തിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ചെയർമാൻ പി. കരുണാകരൻ, കൺവീനർ ഡോ. എം.കെ രാജശേഖരൻ, എം. സുരേന്ദ്രൻ, കെ പ്രഭാകരൻ, ടി. രാജീവൻ, വി. കൃഷ്ണൻ എന്നിവർ പങ്കെടുത്തു.