തളിപ്പറമ്പ്: ചിറവക്കിലെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ 2.73 കിലോഗ്രാം മുക്കുപണ്ടം പണയംവച്ച് 72.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി ചുടലയ്ക്കടുത്ത പഞ്ചാരക്കുളത്ത് താമസിക്കുന്ന തൃക്കരിപ്പൂരിലെ തലയില്ലത്ത് ജാഫറി (35)നെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിക്കും. വ്യാജ സ്വർണ ലോക്കറ്റുകളാണ് ഇയാൾ ബാങ്കിൽ പണയപ്പെടുത്തിയത്. ഇത് കാസർകോട് സ്വദേശിയായ ഒരാൾ നൽകിയതാണെന്നാണ് ജാഫറിന്റെ മൊഴി. എന്നാൽ അയാളുടെ മേൽവിലാസം ജാഫറിന്റെ കൈവശമില്ല.
നൽകിയ ഫോൺ നമ്പർ ഈ വ്യക്തിയുടേതല്ല. ഈ സാഹചര്യത്തിൽ ആരാണ് സ്വർണ ലോക്കറ്റ് നിർമ്മിച്ച് നൽകിയതെന്ന കാര്യത്തിലുൾപ്പെടെ വ്യക്തത തേടിയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഇന്നലെ ബാങ്കിൽ പരിശോധന നടത്തി. സ്വർണ പണയവുമായി ബന്ധപ്പെട്ട രേഖകൾ കസ്റ്റഡിയിലെടുത്തു.
ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പെടെ ഒമ്പത് പേരെ വ്യാജ സ്വർണം പണയം വയ്ക്കാൻ ജാഫർ ഉപയോഗിച്ചിരുന്നു. എല്ലാ തവണയും ഏകദേശം ഒരേ രീതിയിലുള്ള ആഭരണങ്ങളാണ് പണയംവച്ചത്. ഇതും ദുരൂഹത ഉയർത്തുന്നുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
പണം നല്കാതെ വഞ്ചിച്ചുവെന്ന്
പരാതികൾ
തൃക്കരിപ്പൂർ പെട്രോൾ ബങ്കിന് സമീപം സ്ഥലം ലീസിനെടുത്ത് ജാഫർ മത്സ്യ - പച്ചക്കറി വിൽപ്പന ഷോപ്പ് ആരംഭിച്ചിരുന്നു. ഈ സ്ഥാപനത്തിന് മത്സ്യം നൽകിയ തളിപ്പറമ്പിലെ മൊത്ത മത്സ്യവിതരണക്കാരായ എം.എ.ആർ. ആൻഡ് എം.എസ് എന്ന സ്ഥാപനത്തിന് ജാഫർ 2,40,000 രൂപ നൽകാനുണ്ട്. ഇതു സംബന്ധിച്ച് സ്ഥാപനം ചന്തേര പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ചിലർ ഇടപെട്ട് പണം നല്കാനുള്ള ധാരണ ഉണ്ടാക്കുകയും പരാതി പിൻവലിക്കുകയും ചെയ്തു. പണം ലഭിക്കാത്തതിനെ തുടർന്ന് സ്ഥാപനം ഇന്നലെ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പാലക്കോട് കടപ്പുറത്തെ മത്സ്യ മൊത്ത വിതരണക്കാരൻ സലീമിനെയും ഒമ്പത് ലക്ഷം രൂപ നൽകാതെ വഞ്ചിച്ചുവെന്ന വിവരമുണ്ട്. നേരത്തെ വില കൂടിയ കാറുകൾ വാടകയ്ക്കെടുത്ത് തട്ടിപ്പ് നടത്തിയ കാര്യവും പുറത്തുവന്നിട്ടുണ്ട്.