cpz-puzha
കാര്യങ്കോട് പുഴ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതിയുടെ സാദ്ധ്യതകൾ പരിശോധിക്കുവാൻ എത്തിയ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.സി. മനോജും സംഘവും

ചെറുപുഴ: മലയോരത്ത് കാര്യങ്കോട് പുഴ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികളുടെ സാദ്ധ്യത പരിശോധിക്കാൻ ഉദ്യോഗസ്ഥ സംഘമെത്തി. ചെറുപുഴ പഞ്ചായത്തിൽ മലയോര പ്രദേശങ്ങളും കാര്യങ്കോടുപുഴയും തീരങ്ങളും കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികൾ ആവിഷ്കരിക്കുവാൻ വർഷങ്ങൾക്ക് മുൻപ് തന്നെ ചർച്ചകളും അഭിപ്രായ രൂപീകരണ യോഗങ്ങളും നടന്നിരുന്നു. കാര്യങ്കോട് പുഴയിലെ പ്രസിദ്ധമായ വൈറ്റ് വാട്ടർ റാഫ്റ്റിംഗ് സാഹസിക വിനോദത്തിന്റെ സാദ്ധ്യതകളും വർദ്ധിപ്പിക്കുന്നതാണ്. പുഴ തീരം കേന്ദ്രീകരിച്ച് കുട്ടികളുടെ പാർക്ക്, ബോട്ടിംഗ്, ചെറുപുഴ കമ്പിപ്പാലം എന്നിവയെല്ലാം കോർത്തിണക്കിയുള്ള ടൂറിസം പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്‌. ഇക്കാര്യങ്ങളുടെ പ്രാഥമിക പരിശോധനകൾക്കായി ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ നിർദ്ദേശപ്രകാരം ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.സി. മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാര്യങ്കോടുപുഴയുടെ കോഴിച്ചാൽ, വയലായി, ചെറുപുഴ ടൗണിന് സമീപമുള്ള പുഴയുടെ ഭാഗങ്ങൾ, ചെറുപുഴ കമ്പിപ്പാലം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ജോയി, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരായ സി.പി. ജയരാജൻ, കെ.സി. ശ്രീനിവാസൻ, കെ.പി. നിഖിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.