stadium
നവീകരിച്ച തലശ്ശേരി സ്റ്റേഡിയം

തലശ്ശേരി: തലശ്ശേരി സ്റ്റേഡിയം ഏഴ് വർഷത്തെ കാത്തിരിപ്പിന്നൊടുവിൽ അത്യാധുനിക സൗകര്യങ്ങളോടെ 19 ന് കായിക ലോകത്തിന് സമർപ്പിക്കും. 13.5 കോടി രൂപ ചെലവഴിച്ച് മൂന്ന് ഘട്ടങ്ങളിലായി നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയ സ്റ്റേഡിയം വി.ആർ. കൃഷ്ണയ്യരുടെ നാമധേയത്തിലാണ് തുറക്കുന്നത്. വൈകിട്ട് 5 മണിക്ക് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. ഗോകുലം കേരളയും ലജന്റ് കേരളയും ഏറ്റുമുട്ടുന്ന പ്രദർശന ഫുട്ബാൾ മത്സരത്തോടെയായിരിക്കും ഉദ്ഘാടനം നടക്കുക.

ഇതിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗത്തിൽ തലശ്ശേരിയിലെ പൗരാവലിയുടെ മുഴുവൻ പ്രതിനിധികളും പങ്കെടുത്തിരുന്നു. സ്റ്റേഡിയം പൂർണ്ണമായും നഗരസഭയുടെ അധീനതയിലാവണമെന്നും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും യോഗത്തിനെത്തിയവർ ഒരേ സ്വരത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം തലശ്ശേരിയിലെത്തിയ കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഈ വർഷം ജനുവരി ഒന്നിന് തന്നെ സ്റ്റേഡിയം നാടിന് സമർപ്പിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും നടത്താനായിരുന്നില്ല. സ്റ്റേഡിയത്തിലെ സജ്ജീകരണങൾ മുഴുവൻ പൂർത്തിയായിട്ടില്ലാത്തതായിരുന്നു തടസ്സമായത്.

തലശ്ശേരി നഗരസഭയുടെ അധീനതയിലുള്ള 6.72 ഏക്കർ ഭൂമിയിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്മാർട്ട് സ്റ്റേഡിയം ഉള്ളത്. എട്ട് ലൈനോട് കൂടിയ 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, വി.ഐ.പി. ലോഞ്ച്, മീഡിയ റൂം, പ്ലെയേഴ്സ് റൂം, ഓഫീസ് റൂം, എന്നിവ ഉൾപെടുന്ന മൂന്ന് നില പവലിയൻ കെട്ടിടമാണ് സ്റ്റേഡിയത്തിന്റെ മുഖ്യ ആകർഷണം. ജില്ലയുടെ കായിക കുതിപ്പിന് ഊർജദായകമായ നവീകരണ പദ്ധതിയുടെ ഒന്നാം ഘട്ട പ്രവൃത്തി പൂർത്തീകരണ പ്രഖ്യാപനവും രണ്ടാം ഘട്ടപദ്ധതിയുടെ നിർമ്മാണോദ്ഘാടനവും 2008 ഡിസംബർ 31 ന് അന്നത്തെ കായിക, യുവജന കാര്യവകുപ്പ് മന്ത്രി ഇ.പി. ജയരാജനാണ് നിർവ്വഹിച്ചിരുന്നത്. നടത്തക്കാർക്കടക്കം ഫീസ് ചുമത്താനുള്ള തീരുമാനത്തിൽ നിന്നും അധികൃതർ പിന്നോട്ട് പോയിട്ടുണ്ട്. എന്നാൽ ഇക്കാര്യം ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയേ പ്രാവർത്തികമാക്കുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.