
കാസർകോട് : ടി.പി.വധക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന പ്രമുഖ ക്രിമിനൽ അഭിഭാഷകനും കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റുമായ സി.കെ.ശ്രീധരൻ 45 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിൽ ചേർന്നു. പദവികൾ കിട്ടാഞ്ഞിട്ടാണ് താൻ പാർട്ടി വിടുന്നതെന്ന പ്രചാരണം തെറ്റാണെന്ന് പറഞ്ഞ അദ്ദേഹം കേന്ദ്ര, സംസ്ഥാന കോൺഗ്രസ് നേതൃത്വങ്ങളുടെ നിലവിലെ നയങ്ങളുമായി യോജിച്ചുപോകാൻ പറ്റാത്തതിനാലാണ് പാർട്ടി വിടുന്നതെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മതേതരത്വത്തിനും ജനാധിപത്യതിനും വേണ്ടി നിലകൊണ്ട നെഹ്റുവിനെവരെ കരുവാക്കി വർഗീയ ശക്തികളുമായി സന്ധിചേരാൻ കെ. പി. സി. സി പ്രസിഡന്റ് കെ. സുധാകരൻ ശ്രമിക്കുകയാണെന്നും സി.കെ ആരോപിച്ചു. ഓരോന്ന് വിളിച്ചുപറഞ്ഞ ശേഷം നാക്കുപിഴ എന്നു പറയുന്നത് ബോധപൂർവമാണ്. വർഗ്ഗീയതയുമായി സമരസപ്പെട്ടുപോവുകയാണ് കോൺഗ്രസ് നേതൃത്വം. കേരളത്തിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ തന്നെ ഇത്തരം നീക്കങ്ങളിൽ ഏർപ്പെടുന്നു. മതേതര മനസുകളെപ്പോലും നോവിക്കുന്ന നിലപാടാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനുള്ളത്. മതേതര വാദികളായ കോൺഗ്രസുകാർക്ക് ഇത്തരം നീക്കങ്ങളുമായി പൊരുത്തപ്പെടാൻ സാധിക്കില്ല.
പി.എസ്.പി നേതാവ് ആയിരുന്ന തന്നെ ലീഡർ കെ. കരുണാകരൻ ദൂതനെ അയച്ചാണ് കോൺഗ്രസിൽ ചേർത്തതെന്ന് തന്നെ വിമർശിക്കുന്നവർ മറക്കരുത്. സി.പി.എം നേതൃത്വം പറയുന്ന ഉത്തരവാദിത്വം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ്സിൽ നിന്ന് രാജി പ്രഖ്യാപിച്ച വീക്ഷണം കണ്ണൂർ മാനേജർ സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു.