ഇരിട്ടി: പുന്നാട് ടൗണിനു സമീപം കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ രാജസ്ഥാൻ സ്വദേശിയെ ഇരിട്ടി പൊലീസ് പിടികൂടി. രാജസ്ഥാൻ കരോളി സ്വദേശി സോനു മഹ് വാർ (29) ആണ് പൊലീസ് സംഘത്തിന്റെ പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന പുന്നാട് അത്തപ്പുഞ്ച സ്വദേശി ദീപു എന്ന ദിപിൻ ഓടി രക്ഷപ്പെട്ടു.
ബുധനാഴ്ച രാത്രി 8 മണിയോടെ പുന്നാട് ടൗണിന് സമീപം എടക്കാനം പാലാപ്പറമ്പ് റോഡിൽ വച്ച് കഞ്ചാവു വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. ഇയാളിൽ നിന്നും 938 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. നിർമ്മാണ തൊഴിലാളിയാണ് പിടിയിലായ സോനു. ഇയാൾക്കൊപ്പമുണ്ടായിരുന്ന ദീപു ആണ് സോനുവിന് വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിച്ചു നൽകിയതെന്നും ഇയാൾ കഞ്ചാവ് മാഫിയയുടെ കണ്ണിയാണെന്ന് സംശയിക്കുന്നതായുമാണ് പൊലീസ് നൽകുന്ന സൂചന.