തളിപ്പറമ്പ്: കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കായികോത്സവത്തിന് തുടക്കം. ആദ്യ ദിവസത്തെ മത്സരങ്ങൾ സമാപിച്ചപ്പോൾ 23 പോയന്റ് നേടി കൂത്തുപറമ്പ് ഉപജില്ല മുന്നിലാണ്. 22 പോയന്റ് നേടി പയ്യന്നൂർ രണ്ടാം സ്ഥാനത്തും 16 പോയന്റ് നേടി തളിപ്പറമ്പ് നോർത്ത് മൂന്നാം സ്ഥാനത്തുമുണ്ട്.
18 പോയന്റ് നേടി കൂത്തുപറമ്പ് നിർമലഗിരി റാണി ജെയ് സ്കൂൾ ഏറ്റവും മുന്നിലാണ്. 9 പോയന്റ് നേടി പ്രാപ്പൊയിൽ ഹയർ സെക്കൻഡറി രണ്ടാം സ്ഥാനത്തെത്തി. വ്യാഴാഴ്ച രാവിലെ നടന്ന വിവിധ വിഭാഗം ക്രോസ് കൺട്രി മത്സരമാണ് ആദ്യം നടന്നത്. മത്സരങ്ങൾ നടത്തി തീർക്കുന്നതിൽ വലിയ കാലതാമസമാണുണ്ടായത്. ഇരുട്ട് കൂടുതൽ നിറഞ്ഞതോടെ മത്സരങ്ങളിൽ രണ്ടെണ്ണം മാറ്റി വയ്ക്കേണ്ടതായും വന്നു.
ആദ്യ ദിവസം വെറും 20 ഇനങ്ങളിൽ മാത്രമാണ് മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്. നടത്തിപ്പിന് ചുമതലപ്പെട്ട അദ്ധ്യാപകരുടെ പരിചയക്കുറവാണ് മത്സരങ്ങൾ അനിശ്ചിതമായി നീളാൻ കാരണമായതെന്ന ആക്ഷേപമുണ്ട്. രണ്ടു വർഷത്തെ കൊവിഡ് ഇടവേളക്ക് ശേഷമാണ് ഇക്കുറി കണ്ണൂർ ജില്ലാ സ്കൂൾ കായികമേള നടക്കുന്നത്. ജില്ലയിലെ 15 ഉപ ജില്ലകളിൽ നിന്നായി 2550 ൽ പരം വിദ്യാർത്ഥികളാണ് മൂന്ന് ദിവസത്തെ കായിക മത്സരത്തിൽ മാറ്റുരക്കാൻ എത്തുന്നത്.19 വരെ നീണ്ടു നിൽക്കുന്ന മത്സരങ്ങളിൽ 92 ഇനങ്ങളിൽ സംസ്ഥാന കായിക മേളയിലേക്കുള്ള പ്രതിഭകളെ കണ്ടെത്തും. മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് എം. വിജിൻ എം.എൽ.എ. നിർവ്വഹിക്കും.