തളിപ്പറമ്പ്: കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ ഇന്നലെ നടക്കേണ്ട മത്സരങ്ങൾ പൂർത്തിയായപ്പോൾ 108 പോയിന്റുമായി പയ്യന്നൂർ ഉപജില്ല മുന്നിലെത്തി. 74 പോയിന്റോടെ തളിപ്പറമ്പ് നോർത്ത് രണ്ടാം സ്ഥാനത്തും 58 പോയന്റുമായി ഇരിട്ടി മൂന്നാം സ്ഥാനത്തുമാണ്. സ്കൂളുകളിൽ മണിക്കടവ് സെന്റ് തോമസ് 28 പോയിന്റുമായി മുന്നിൽ നിൽക്കുന്നു. 27 പോയിന്റ് നേടി ജി.എച്ച്.എസ്. പ്രാപ്പൊയിൽ തൊട്ടുപിന്നിലുണ്ട്. 24 പോയിന്റ് നേടിയ മട്ടന്നൂർ ഹയർ സെക്കൻഡറിയാണ് മൂന്നാം സ്ഥാനത്ത്.

ജില്ലാ അത് ലറ്റിക് മീറ്റിന്റെ രണ്ടാം ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ മൂന്ന് ഇനങ്ങളിൽ മാത്രമാണ് മീറ്റ് റെക്കാഡ് പിറന്നത്. ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ വിഭാഗത്തിൽ ജി.എച്ച്.എസ്. മാത്തിലിലെ എൻ.വി. അജൽ ആണ് പുതിയ മീറ്റ് റെക്കാഡിട്ടത്. 2019ൽ എ.വി. അഭിനവിന്റെ 11.44 സെക്കന്റ് ഭേദിച്ച് 11.25 സെക്കന്റിലാണ് അജൽ ഫിനിഷ് ചെയ്തത്. ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ സായ് തലശ്ശേരിയുടെ ഇ.കെ. തേജാ ലക്ഷ്മിയാണ് പുതിയ മീറ്റ് റെക്കാഡിട്ടത്. 2011 ൽ ജി.വി.എച്ച്.എസ്. കണ്ണൂരിന്റെ എം. നിത്യാ മോൾ സ്ഥാപിച്ച 12.72 സെക്കന്റിന്റെ റെക്കാഡാണ് 12.66 എന്ന പുതിയ സമയം തിരുത്തി റെക്കാഡിട്ടത്. രാവിലെ നടന്ന ജൂനിയർ ആൺകുട്ടികളുടെ ലോംഗ് ജംപിലും പുതിയ റെക്കാഡ് കുറിക്കപ്പെട്ടു.

ജില്ലാ കായികമേള ഇന്നലെ എം. വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കലാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കേരള സ്പോട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്ര വ്യാസ്, കല്യാശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡി. വിമല, വി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.