1
പഴയ കാല നാടക പ്രവർത്തകർ കളിവിളക്ക് തെളിയിക്കുന്നു

മാണിയാട്ട് : മാണിയാട്ട് കൊറസ് കലാസമിതി ആതിഥ്യയമരുളുന്ന ഒമ്പതാമത് എൻ. എൻ പിള്ള സ്മാരക സംസ്ഥാന നാടകോത്സവത്തിന്റെ നാലാം ദിവസമായ വെള്ളിയാഴ്ച കളിവിളക്ക് തെളിയിച്ചത് മാണിയാട്ടെ പഴയകാല നാടക കലാകാരന്മാർ. നാടകത്തിലൂടെ പുരോഗമന പ്രസ്ഥാനത്തിന് വേരോട്ടം ഉണ്ടാക്കാൻ പരിശ്രമിച്ച കലാകാരന്മാർക്കുള്ള ആദരവായി ഈ ചടങ്ങ്.

പരിമിതമായ സൗകര്യങ്ങളുണ്ടായിരുന്ന കാലത്ത് തങ്ങളുടെ തൊഴിലിനിടയിൽ സമയം കണ്ടെത്തി നിരവധി നാടകങ്ങളിൽ വേഷമിടുകയും തങ്ങളുടെ അഭിനയ മികവ് തെളിയിക്കുകയും ചെയ്ത എം.വി. കോമൻ നമ്പ്യാർ, കെ.കുമാരൻ, കുഞ്ഞിമാണി, എൻ.ഗോപാലൻ, കെ.കുഞ്ഞിക്കണ്ണൻ, കെ.ഗോപാലൻ, പി.വി.കൃഷ്ണൻ, പി.വി.കുഞ്ഞിക്കണ്ണൻ എന്നിവരാണ് ഇന്നലെ വൈകുന്നേരം ഏഴിന് നാടകം തുടങ്ങുന്നതിനു മുന്നോടിയായി കളിവിളക്ക് കൊളുത്തിയത്.

ഇപ്പോഴും നാടകത്തെ നെഞ്ചോട് ചേർക്കുന്ന ഇവർ അവശതകൾ മറന്നും എല്ലാദിവസവും നാടകോത്സവ വേദിയിലെത്തുന്നുണ്ട്. ജനറൽ കൺവീനർ ടി.വി.ബാലൻ നാടക കലാകാരന്മാരെ കളിവിളക്ക് കൊളുത്താൻ ക്ഷണിക്കുകയായിരുന്നു. സംഘാടക സമിതി ഭാരവാഹികളായ സി. നാരായണൻ, ഇ.ഷിജോയ്, ഇ. രാഘവൻ, പി. വി ശ്രീജിത്ത്‌, വി. കുഞ്ഞികൃഷ്ണൻ, നന്ദൻ മണക്കാട്, സി. വിനോദ്, വി. വി സനിൽ, പി. പി അജിത് എന്നിവർ നേതൃത്വം നൽകി.