kerala

കണ്ണൂർ: വൃക്ക മാറ്റിവയ്ക്കൽ നിർദ്ദേശിച്ചവർക്ക് വൃക്ക കിട്ടാനില്ല,​ സൗജന്യ നിരക്കിൽ മരുന്ന് ലഭിക്കേണ്ട കാരുണ്യയിൽ കമ്പനി മാറുന്നതിനാൽ മരുന്നെത്തുന്നില്ലെന്ന വിശദീകരണം. മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിൽ വരും...വരും എന്നു മറുപടി.

വൃക്ക മാറ്റിവച്ചവർ ജീവിതകാലം കഴിക്കേണ്ട പാൻഗ്രാം ആറു മാസമായി കാരുണ്യയിലില്ല. 60 എണ്ണമുള്ള സ്ട്രിപ്പിന് കാരുണ്യയിൽ 1400 രൂപയാണെങ്കിൽ പുറത്ത് 3000 രൂപയോളമാണ്. വിവിധ സംഘടനകളുടെ കാരുണ്യം കൊണ്ട് പിടിച്ചു നിൽക്കുന്ന, വൃക്ക മാറ്റിവയ്ക്കലിന് വിധേയരായവർ പണമില്ലാത്തതിനാൽ മരുന്ന് കഴിക്കുന്നില്ല.

വൃക്കരോഗികൾ സംസ്ഥാനത്ത് 2.5 ലക്ഷം

വൃക്ക മാറ്റിവച്ചവർ- 21000

വൃക്ക കാത്തിരിക്കുന്നവർ- 9000 (മൃതസഞ്ജീവനി കണക്ക്)​

ഇരുപത് ലക്ഷമുണ്ടോ,​ വൃക്ക റെഡി

മുതലെടുപ്പ് തടയുന്നതിനായി വൃക്കദാനം സംബന്ധിച്ച് നിയമം കർക്കശമാക്കിയെങ്കിലും അവയവമാഫിയ 15 മുതൽ 20 ലക്ഷം വരെ വൃക്കയ്ക്ക് ഈടാക്കുന്നു. എന്നാൽ ദാതാവിന് 6 ലക്ഷം നൽകി ബാക്കി ഇടനിലക്കാർ കൈക്കലാക്കിയതായി വൃക്കമാറ്റിവച്ച കോഴിക്കോട് സ്വദേശി വെളിപ്പെടുത്തി.

ഇത്തരം രോഗികളിൽ ഭൂരിഭാഗവും മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തിട്ടില്ല. നിലവിലുള്ള നിയമമനുസരിച്ച് ബന്ധുക്കൾക്കേ ദാതാക്കളാകാനാവൂ. എന്നാൽ രോഗികളിൽ ഭൂരിഭാഗത്തിനും ബന്ധുക്കളെ കിട്ടുന്നില്ല. കിട്ടിയാലും വൃക്ക അനുയോജ്യമാകുന്നത് വിരളം.

ഡയാലിസിസിനും വേണം വൻതുക

രോഗിക്ക് ഡയാലിസിസിന് വർഷത്തിൽ അഞ്ച് ലക്ഷം രൂപ വരെ വേണം. എന്നാൽ വൃക്ക മാറ്റിവയ്ക്കാനുള്ള സഹായം ലഭിച്ചാൽ മരുന്നിനുള്ള തുക കണ്ടെത്തിയാൽ മതിയാകും.