നീലേശ്വരം: ഒരിടവേളയ്ക്കുശേഷം റെയിൽവേ ഓവർബ്രിഡ്ജിന്റെ അടിയിൽ വീണ്ടും അനധികൃത പാർക്കിംഗ് തുടങ്ങി. വിഷയത്തിൽ കേരളകൗമുദി വാർത്തയെ തുടർന്ന് നഗരസഭയും നീലേശ്വരം പൊലീസും പാർക്കിംഗ് ഏരിയ അടയാളപ്പെടുത്തിയിരുന്നു. നിലവിൽ ഓട്ടോറിക്ഷ പാർക്കിംഗിനും മറ്റ് വാഹനങ്ങൾക്കുമായാണ് പ്രത്യേകം പാർക്കിംഗ് ഏരിയ അളന്ന് തിട്ടപ്പെടുത്തിയത്.

എന്നാൽ തീരുമാനങ്ങൾ കാറ്റിൽ പറത്തി വാഹനങ്ങൾ ഇവിടെ തലങ്ങും വിലങ്ങും രാവിലെ മുതൽ വൈകുന്നേരം വരെ നിർത്തിയിടുന്നത് പതിവായിരിക്കുകയാണ്.

റെയിൽവെ ഓവർബ്രിഡ്ജിനു താഴെയായി ഇപ്പോൾ 25 ഓളം ഓട്ടോകൾ നിർത്തിയിട്ട് സർവീസ് നടത്തുന്നുണ്ട്. ഇവിടെ മറ്റു വാഹനങ്ങൾ രാവിലെ മുതൽ നിർത്തിയിടുന്നത് ഏറെയും ബാധിക്കുന്നത് ഈ ഓട്ടോ തൊഴിലാളികളെയാണ്. കൂടാതെ റെയിൽവെ സ്റ്റേഷൻ യാർഡിലേക്ക് സ്ലീപ്പറുകളുമായു മറ്റുമായി വരുന്ന വലിയ വാഹനങ്ങളും ഇതുവഴി പോകാൻ ഏറെ പ്രയാസപ്പെടുകയാണ്.

കൂടാതെ രാജാസ് ഹയർ സെക്കൻഡറി സ്കൂളിന്റെ മെയിൻ കവാടത്തിൽക്കൂടി പോകുന്ന വിദ്യാർത്ഥികൾക്കും സ്ക്കൂളിലേക്ക് പോകേണ്ട വാഹനങ്ങൾക്കും അനധികൃത പാർക്കിംഗ് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. റെയിൽവെ ഓവർബ്രിഡ്ജ് വന്നതോടെ ഇതുവഴി വാഹനങ്ങൾ കടന്നുപോകാൻ ഏറെ പ്രയാസപ്പെടുകയാണ്. അതിനിടയിലാണ് വാഹനങ്ങളുടെ അനധികൃത പാർക്കിംഗും യാത്രക്കാരെ വലയ്ക്കുന്നത്.