kalagram
ലളിതകലാ അക്കാഡമി അംഗം സുനിൽ അശോകപുരത്തിന് ചിത്രാഞ്ജലി ആർട്ടിസ്റ്റ് ക്യാമ്പിലെ ആദ്യകാൻവാസ് ടി. പത്മനാഭൻ നല്കുന്നു

മാഹി: മലയാള കഥയുടെ രാജശില്പി അക്ഷരങ്ങളിൽ കൊത്തിവച്ച അനശ്വര കഥാപാത്രങ്ങൾ കാൻവാസുകളിൽ വർണ്ണചിത്രങ്ങളായി.ടി.പത്മനാഭന്റെ വെങ്കല ശിൽപ്പം 21ന് 'കലാഗ്രാമത്തിൽ അനാച്ഛാദനം ചെയ്യാനിരിക്കെ മലയാളി വായനക്കാരുടെ മനസ്സുകളിൽ കൂടുകൂട്ടിയ കഥാകാരന്റെ അനശ്വര കഥാപാത്രങ്ങളാണ് 22 പ്രശസ്ത ചിത്രകാരന്മാരുടെ വിരൽത്തുമ്പിലൂടെ കാൻവാസുകളിൽ ഉജ്വലസൃഷ്ടികളായത്.

ബിനു രാജ് കലാപീഠം, ബി.ടി.കെ.അശോക്, എബി എൻ.ജോസഫ്, പി.പി.ചിത്ര ,ജോൺസ് മാത്യു, കെ.കെ.ശശി, സുരേഷ് കൂത്തുപറമ്പ് ,പി നവീൻകുമാർ, പി. നിബിൻരാജ്, പ്രശാന്ത് ഒളവിലം, രജീഷ് കരിമ്പനക്കൽ, സജീഷ് പീലിക്കോട്, സജിത്ത് പുതുക്കലവട്ടം, എ.സത്യനാഥ്, സെൽവൻ മേലൂർ, ഷിനോജ് ചോരൻ, കെ.എം.ശിവകൃഷ്ണൻ, ശ്രീജ പള്ളം, കെ.സുധീഷ്, സുനിൽ അശോകപുരം, വർഗ്ഗീസ് കളത്തിൽ ,വത്സൻ കൂർമ്മ കൊല്ലേരി തുടങ്ങിയ പ്രശസ്ത കലാകാരന്മാരാണ് കാലത്തിന് മായ്ക്കാനാവാത്ത കഥാപാത്രങ്ങളേയും കഥാസന്ദർഭങ്ങളേയും ചിത്രീകരിക്കുന്നത്.പ്രകാശം പരത്തുന്ന പെൺകുട്ടി ,മൈഥിലി നീ എന്റേതാണ്, ഒരു ചെറിയ ജീവിതവും വലിയ മരണവും, കടയനെല്ലൂരിലെ ഒരു സ്ത്രീ, മഖൻ സിംഗിന്റെ മരണം, ഗൗരി തുടങ്ങി ഒട്ടേറെ കഥകൾ കലാകാരന്മാരുടെ ബ്രഷുകളിലൂടെ വർണ്ണചിത്രങ്ങളായി കാൻവാസുകളിൽ പരന്നൊഴുകി.
വിദേശയാത്രകളിൽ എപ്പോഴും ലോകപ്രശസ്തങ്ങളായ കലാമ്യൂസിയങ്ങൾ സന്ദർശിക്കുകയും പ്രശസ്തങ്ങളായ ചിത്രങ്ങൾ കാണാനും ശ്രമിക്കാറുണ്ടെന്ന് ചിത്രാഞ്ജലി ചിത്രകലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത ടി.പത്മനാഭൻ പറഞ്ഞു. പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ മൂന്ന് ദിവസം മുഴുവൻ ചിത്രങ്ങൾക്കിടയിൽ ചിലവഴിച്ചു. മൊണോലിസയുടെ മുന്നിൽ നിർന്നിമേഷനായി നിന്നത് ഞാനോർക്കുന്നു.ഇന്ത്യൻ ചിത്രകലയിലെ മഹാരഥനായ കെ.സി.എസ് പണിക്കരെ നേരിട്ട് പരിചയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ സാധിച്ചില്ല. അദ്ദേഹത്തിന്റെ മരണവാർത്തയറിഞ്ഞ് ചെന്നെത്തുന്നത് അടുത്ത ദിവസമാണ്. എരിഞ്ഞടങ്ങാത്ത ചിതയുടെ മുന്നിൽ നിന്നു. അപ്പോഴും ചിതയിൽനിന്ന് പുക ഉയരുന്നുണ്ടായിരുന്നു. വരണ്ട തൊണ്ട നനയ്ക്കാനായി അടുത്തുള്ള പെട്ടിക്കടയിൽനിന്ന് സോഡ വാങ്ങി. അപ്പോഴേക്കും പനിച്ചുതുടങ്ങിയിരുന്നു. ദിവസങ്ങളോളം പനിച്ചുകിടന്നു. ആ അനുഭവമാണ് ആത്മാവിന്റെ മുറിവുകൾ എന്ന കഥയായി മാറിയത്. ടി. പത്മനാഭൻ അനുസ്മരിച്ചു.
ഡോ. മഹേഷ് മംഗലാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡോ.എ.പി.ശ്രീധരൻ പങ്കെടുത്തു. എം.ഹരീന്ദ്രൻ സ്വാഗതവും സുരേഷ് കൂത്തുപറമ്പ് നന്ദിയും പറഞ്ഞു.

ചിത്രവിവരണം: ലളിതകലാ അക്കാദമി അംഗം സുനിൽ അശോകപുരത്തിന് ചിത്രാഞ്ജലി ആർട്ടിസ്റ്റ് ക്യാമ്പിലെ ആദ്യകാൻവാസ് ടി. പത്മനാഭൻ നല്കുന്നു.